പുതിയ കൊറോണ വകഭേദം കണ്ടെത്തിയതായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ നിയോക്കോവ് എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്ന് ഗവേഷകര്‍ പറഞ്ഞു. നിയോക്കോവ് മൂലം മരണനിരക്ക് ഉയരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് ഇക്കാര്യം പുറത്തുവിട്ടത്. നിയോക്കോവ് മനുഷ്യര്‍ക്കിടയില്‍ സജീവമായി പടരാന്‍ കഴിവുള്ള ഒരു പുതിയ വൈറസല്ല, വൈറസിന്റെ അപകടസാധ്യതകളെ കുറിച്ച് പഠിക്കേണ്ടതും കൂടുതല്‍ അന്വേഷിക്കേണ്ടതും ആവശ്യമാണെന്നും ഗവേഷകര്‍ പറഞ്ഞു.
നിയോക്കോവ് പുതിയ വൈറസല്ലെന്നും മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും പറയുന്നു. സാര്‍സ് കോവ് 2ന് സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്ക് ഇത് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്.