ഔദ്യോഗിക വിവരങ്ങള്‍ എസ്ഡിപിഐക്ക് വേണ്ടി ചോർത്തി; പൊലീസുകാരനെ പിരിച്ചുവിട്ടേക്കും

0
97

പൊലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തിനല്‍കിയ സംഭവത്തില്‍ ആരോപണവിധേയനായ പൊലീസുകാരനോട് വിശദീകരണം തേടാന്‍ തീരുമാനം. ഇടുക്കി കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ പി കെ അനീസാണ് പൊലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയത്. ഇയാൾക്ക് കാരണം കാണിക്കല്‍ നോട്ടീസ് നൽകി.

കാരണം കാണിക്കല്‍ നോട്ടീസിന് കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് വിവരം.
ഈ പൊലീസുകാരൻ ആര്‍ എസ് എസ് നേതാക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയതായി സ്ഥിരീകരിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.

ഔദ്യോ​ഗിക വിവരശേഖരണത്തിന്റെ ഭാ​ഗമായി പൊലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ എസ്ഡിപിഐക്ക് കൈമാറിയെന്നാണ് ഇയാൾക്കെതിരേയുളള ആരോപണം. സംഭവത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എജി ലാൽ വകുപ്പുതല അന്വേഷണം നടത്തി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനസിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ സർവീസിൽ നിന്ന് പിരിച്ചുവിടാനാണ് തീരുമാനം.

തൊടുപുഴയിലെ 150 ഓളം ആര്‍ എസ് എസ്. ബി ജെ പി പ്രവര്‍ത്തകരെ സംബന്ധിച്ച വിവരങ്ങള്‍ അനസ് എസ്ഡിപിഐക്കാർക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തല്‍. സാമൂഹിക മാധ്യമത്തിലൂടെ വർ​ഗീയ വിദ്വേഷം പരത്തിയെന്ന പേരിൽ തൊടുപുഴയിൽ കെഎസ്ആർടിസി ജീവനക്കാരനെ എസ്ഡിപിഐക്കാർ ആക്രമിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ ഷാനവാസിന്റെ മൊബൈൽ പരിശോധിച്ചപ്പോഴാണ് ഔദ്യോ​ഗിക വിവരങ്ങൾ ചോർത്തി നൽകിയതായി കണ്ടെത്തിയത്. പൊലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ഇയാൾ വാട്സ്ആപ്പ് വഴി നൽകിയെന്നാണ് കണ്ടെത്തൽ. തുടർന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അനസിനെ സസ്പെൻഡ് ചെയ്തിരുന്നു.