പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം. 239 തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാർക്കിടയിൽ ആന്റിജൻ ടെസ്‌റ്റ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് തടവുകാർക്ക് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചത്.
കോവിഡ് സ്‌ഥിരീകരിച്ച തടവുകാരെ പ്രത്യേക ബ്ളോക്കിലേക്ക് മാറ്റി. എങ്ങനെയാണ് ജയിലിനകത്ത് കോവിഡ് എത്തിയതെന്നതിൽ ആശയക്കുഴപ്പമുണ്ട്. പൂജപ്പുരയിൽ ഇത്രയധികം രോഗബാധ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സംസ്‌ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്താൻ ജയിൽ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികൾക്ക് പ്രത്യേക ചികിൽസയും പ്രത്യേക ഡോക്‌ടർമാരെയും നിയമിക്കണമെന്ന് ജയിൽ സൂപ്രണ്ട് സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം, കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഇന്ന് അർധരാത്രി മുതൽ കർശന നിയന്ത്രണം നിലവിൽ വരും. നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കും. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. സംസ്‌ഥാന അതിർത്തികളിലും പരിശോധന കടുപ്പിച്ചു.