‘കോവിഡ്‌കാല വിദ്യാഭ്യാസം മഹത്തായ മാതൃക’ കേരളത്തിന്‌ യൂണിസെഫിന്റെ പ്രശംസ

0
73

കോവിഡ് മഹാമാരിയുടെ കാലത്തേ കേരളത്തിന്റെ വിദ്യാഭ്യാസ സംവിദാനത്തെ പ്രശംസിച്ചു യൂണിസെഫ്. കോവിഡ്‌ മഹാമാരി കുട്ടികളിലുണ്ടാക്കിയ ആഘാതം മനസ്സിലാക്കാൻ യൂണിസെഫ്‌ നടത്തിയ പഠനത്തിലാണ് കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്.

യൂണിസെഫ്‌ ചെന്നൈ യൂണിറ്റ്‌ കേരളത്തിൽ നടത്തിയ പഠനത്തിൽ കോവിഡ്‌കാല ഡിജിറ്റൽ വിദ്യാഭ്യാസം, എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷാ നടത്തിപ്പ്‌ എന്നിവ പ്രതിസന്ധിയെ തരണം ചെയ്യുന്നതിന്റെ മാതൃകയാണെന്നും വികസിത രാജ്യങ്ങൾപോലും ശ്രദ്ധിക്കേണ്ട മഹത്തായ മാതൃകയാണെന്നും ‌ വ്യക്തമാക്കുന്നു.

പ്രതിസന്ധിഘട്ടങ്ങളിൽ നവപാത വികസിപ്പിക്കാനുള്ള കേരളീയ സമൂഹത്തിന്റെ കഴിവ്‌ പ്രകടമായി. ആമുഖക്കുറിപ്പിൽ യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻട്രിയേറ്റ ഫോറെയുടെ നിരീക്ഷണം ഇങ്ങനെ ‘‘മഹാമാരികൾ അസമത്വം വർധിപ്പിക്കും, ആരോഗ്യസുരക്ഷയെ ബാധിക്കും, അക്രമം വർധിക്കും, ബാലവേല, ശൈശവ വിവാഹം എന്നിവയെല്ലാം വർധിക്കും.

കൊഴിഞ്ഞുപോക്ക് നിരക്ക് കൂടും. വിദ്യാഭ്യാസരംഗത്ത് നേടിയ നേട്ടങ്ങളെയെല്ലാം ദോഷകരമായി ബാധിക്കും. ഇത്തരം ഭീതി നിലനിൽക്കുമ്പോഴാണ് എല്ലാ കുട്ടികളെയും ചേർത്തുപിടിച്ച്‌ കേരളം ജൂൺ ഒന്നിന് തന്നെ ഡിജിറ്റൽ ക്ലാസ് ആരംഭിച്ചത്’’.

ഡിജിറ്റൽ പ്രാപ്യത ഇല്ലാത്ത കുട്ടികൾക്ക് അതിനുള്ള സൗകര്യം ലഭ്യമാക്കണമെന്ന്‌ മുഖ്യമന്ത്രി അഭ്യർഥിച്ചപ്പോൾ കേരളീയസമൂഹം പ്രതികരിച്ച രീതി ലോകത്തിനു തന്നെ നവ്യാനുഭവമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പൊടുന്നനെ ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക്‌ മാറിയിട്ടും എല്ലാ കുട്ടികൾക്കും പഠനസൗകര്യം ഉറപ്പാക്കാൻ കേരളത്തിനായി. എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ നടത്താനായി. യൂണിസെഫ് റിപ്പോർട്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‌ കൈമാറി. തുടർന്ന്‌ അദ്ദേഹം മന്ത്രി സി രവീന്ദ്രനാഥിന് സമർപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ ഡോ. സി രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.