നെടുമങ്ങാട് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനെയാണ് ആക്രമിച്ചത്. തലക്കും, നെഞ്ചിനും പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. സുനീർ, സുൽഫിർ എന്നിവർ ചേർന്നാണ് മാലിക്കിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. ഇവരുടെ കട ഇന്നലെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഘത്തിൽ മാലിക്ക് ഉണ്ടെന്നാരോപിച്ചാണ് മർദ്ദനം.
മാലിക്ക് ജോലി ചെയ്‌തിരുന്ന കടയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അഞ്ച് കിലോമീറ്റർ ദൂരത്തോളം നാലംഗ സംഘം കാറിൽ വെച്ച് മർദ്ദിച്ചു. പിന്നീട് റോഡിൽ ഉപേക്ഷിക്കുക ആയിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികൾ കടയിലെത്തി മാലിക്കിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമികൾ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ 220 പിടികിട്ടാപ്പുള്ളികളെ പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. വാറണ്ടുള്ള 403 പേരും പോലീസ് പിടിയിലായി. 1200 ഇടങ്ങളിലാണ് ഇന്ന് പോലീസ് റെയ്‌ഡ് നടത്തിയത്. 68 ലഹരി മരുന്ന് കേസുകളും രജിസ്‌റ്റർ ചെയ്‌തു. കഴിഞ്ഞ ഒക്‌ടോബർ, നവംബര്‍ മാസങ്ങളില്‍ മാത്രം 21 ഗുണ്ടാ ആക്രമണങ്ങളാണ് സംസ്‌ഥാന തലസ്‌ഥാനത്ത് നടന്നത്.