Thursday
18 December 2025
24.8 C
Kerala
HomeKeralaധീരജിന്റെ കൊല കോൺഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെ: കോടിയേരി

ധീരജിന്റെ കൊല കോൺഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെ: കോടിയേരി

ഇടുക്കി പൈനാവിൽ ഗവ. എഞ്ചിനീയറിംഗ്‌ കോളേജിലെ വിദ്യാർത്ഥിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായ ധീരജിനെ കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകൾ കുത്തികൊലപ്പെടുത്തിയതിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ശക്തമായി പ്രതിഷേധിച്ചു. ക്രൂരവും പൈശാചികവുമായ കൊലയാണ്‌ നടന്നത്‌. പുറത്തുനിന്നുള്ളവരടക്കം ഇതിൽ പങ്കാളികളാണ്‌. കോൺഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെയാണ്‌ കൊലപാതകം. കെ സുധാകരൻ കെപിസിസി പ്രസിഡന്റ്‌ ആയി വന്നശേഷം കോൺഗ്രസ്‌ അണികളെ അക്രമത്തിലേക്ക്‌ തള്ളിവിടുകയാണ്‌. കേരളത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമാണിത്‌.

കഴിഞ്ഞ ആറ്‌ വർഷത്തിനിടെ 21 സിപിഐഎം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരാണ്‌ കൊല്ലപ്പെട്ടത്‌. ധീരജിന്റെ കൊലപാതകത്തിൽ ഗൂഢാലോചനയടക്കം പുറത്ത്‌ കൊണ്ടുവരണം. മുഴുവൻ പ്രതികളെയും അറസ്റ്റ്‌ ചെയ്യണം.
യാതൊരു പ്രകോപനവുമില്ലാതെയാണ്‌ പുറത്തുനിന്ന്‌ എത്തിയ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്‌. യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പൈലിയാണ്‌ ധീരജിനെ കുത്തിവീഴ്‌ത്തിയത്‌. ദൃക്‌സാക്ഷികൾ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്‌. കെ സുധാകരൻ, വിഡി സതീശൻ അടക്കമുള്ള കോൺഗ്രസ്‌ നേതാക്കളുമായി അടുപ്പമുള്ളയാളാണ്‌ നിഖിൽ പൈലി. ഇത്തരം കൊലയാളികളെ പോറ്റി വളർത്തുന്നത്‌ കോൺഗ്രസ്‌ നേതാക്കളാണ്‌. ഒരു ഭാഗത്ത്‌ സമാധാനത്തെകുറിച്ച്‌ പ്രസംഗിക്കുകയും ഉപവസിക്കുകയും മറുവശത്ത്‌ രാഷ്‌ട്രീയ എതിരാളികളെ കൊലപ്പെടുത്താൻ അണികളെ കൊല കത്തി നൽകി പറഞ്ഞുവിടുകയും ചെയ്യുന്ന കോൺഗ്രസ്‌ നേതാക്കളുടെ യഥാർത്ഥമുഖം ജനങ്ങൾ തിരിച്ചറിയണം.

സംസ്ഥാനത്ത്‌ 589 സിപിഐഎം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരാണ്‌ ഇതുവരെ കൊല്ലപ്പെട്ടത്‌. അടുത്ത കാലത്ത്‌ നാല്‌ പേരെയാണ്‌ കോൺഗ്രസ്‌ കൊലപ്പെടുത്തിയത്‌. കായംകുളത്ത്‌ സിപിഐഎം ബ്രാഞ്ച്‌ സെക്രട്ടറി സിയാദിനെയും വെഞ്ഞാറാമുട്ടിൽ തിരുവോണ തലേന്ന്‌ ഡിവൈഎഫ്‌ഐ നേതാക്കളായ മിഥിലാജ്‌, ഹഖ്‌ മുഹമ്മദ്‌ എന്നിവരെയും ഇപ്പോഴിതാ ഇടുക്കിയിൽ ധീരജിനെയും കൊലപ്പെടുത്തി. കൊലക്കത്തി താഴെ വെക്കില്ലെന്ന സന്ദേശമാണ്‌ ഇതിലൂടെ കോൺഗ്രസ്‌ നൽകുന്നത്‌. കൊലപാതക രാഷ്‌ട്രീയം കോൺഗ്രസ്‌ അവസാനിപ്പിക്കണം. കൊലയാളികളെയും അവരെ തീറ്റിപോറ്റുന്നവരെയും ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments