കന്നഡ എഴുത്തുകാരൻ ചംപ അന്തരിച്ചു, വിട പറഞ്ഞത് വ്യവസ്ഥിതികളോട് കലഹിച്ച പോരാളി

0
29

പ്രമുഖ എഴുത്തുകാരനും കന്നഡ കവിയുമായ പ്രൊഫ. ചന്ദ്രശേഖർ പാട്ടീൽ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബംഗളുരു കനകപുര റോഡിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുവർഷമായി വീട്ടിൽ വിശ്രമജീവിതത്തിലായിരുന്നു. എഴുത്തുകാരൻ, കവി, സാമൂഹ്യ പ്രവർത്തകൻ, പ്രഭാഷകൻ, നോവലിസ്റ്റ്, നാടകകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റെ പ്രതിഭ തെളിയിച്ചു. കർണാടകത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുമായും പ്രത്യേകിച്ച് സിപിഐ എമ്മുമായി അടുത്ത് പ്രവർത്തിച്ചു. സിപിഐ എം സംഘടിപ്പിച്ച മിക്ക പ്രക്ഷോഭങ്ങളിലും സാംസ്ക്കാരിക സംഗമങ്ങളിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചു.
കന്നഡ സാഹിത്യരംഗത്ത് ബൻഡായ പ്രസ്ഥാനത്തിന് തുടക്കമിട്ട ചന്ദ്രശേഖർ പാട്ടീൽ ചംപ എന്നാണു അറിയപ്പെട്ടിരുന്നത്.

അര നൂറ്റാണ്ടിലേറെയായി കർണാടകത്തിൽ നിറഞ്ഞുനിന്ന ചംപ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ തെരുവുനാടകം കളിച്ചതിനാണ് അറസ്റ്റ് ചെയ്‍തത്. ‘ജഗദംബേയ ഭീതിനാടക’ എന്ന തെരുവുനാടകം അവതരിപ്പിക്കുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട ഏക കന്നഡ എഴുത്തുകാരനും ചംപയാണ്. 2015 ൽ പ്രശസ്ത ചിന്തകൻ എം എ കൽബുർഗിയെ ഹിന്ദുത്വ ഭീകരർ വെടിവെച്ചുകൊന്നതിൽ പ്രതിഷേധിച്ച് കർണാടക സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ പമ്പ അവാർഡ് തിരിച്ചുനൽകി. കന്നഡ സാഹിത്യ അക്കാദമി പ്രസിഡന്റ്, കന്നഡ വികസന അതോറിറ്റി ചെയർമാൻ എന്നെ നിലകളിലും സേവനം അനുഷ്ഠിച്ചു. കന്നഡ ഭാഷ സംസ്ക്കാര സംരക്ഷണത്തിനായി അഹോരാത്രം പ്രവർത്തിച്ചു. നൂറിലേറെ കൃതികൾ രചിച്ചിട്ടുണ്ട്. ബാനുളി, മധ്യബിന്ദു, 19 കവനഗളു, കോഡെഗാള്, അപ്പ, ജഗദംബേയ ഭീതിനാടക എന്നിവ പ്രശസ്ത കൃതികൾ.

2017 ൽ മൈസൂരുവിൽ സംഘടിപ്പിച്ച കന്നഡ സാഹിത്യ സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു. മൂന്നുതവണ സാഹിത്യ അക്കാദമി അവാർഡ് നേടി. കർണാടക രാജ്യോത്സവ പുരസ്ക്കാരം, ബസവശ്രീ പുരസ്ക്കാരം, കർണാടക നാടക അക്കാദമി അവാർഡ്, സാഹിത്യ അക്കാദമി ഓണേഴ്‌സ് പുരസ്ക്കാരം, ദിനകര ദേശായി ഫൗണ്ടേഷൻ അവാർഡ് എന്നിവയും നേടി. നീല പാട്ടീലാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
ചംപയുടെ മരണത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ, മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച് ഡി കുമാരസ്വാമി, സിപിഐ എം സംസ്ഥാന സെക്രട്ടറി യു ബസവരാജു തുടങ്ങിയവർ അനുശോചിച്ചു.