ജീവൻ രക്ഷിക്കാനല്ല, പ്രധാനമന്ത്രിയുടെ സ്വകാര്യ പരസ്യത്തിനാണ് വാക്‌സിനേഷൻ ഉപയോഗിക്കുന്നത്; പ്രിയങ്ക ഗാന്ധി

0
77

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ പരസ്യത്തിനായിട്ടാണ് വാക്‌സിനേഷൻ ഉപയോഗപ്പെടുത്തുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

‘സിമ്മേദാർ കോൻ (ആരാണ് ഉത്തരവാദി)’ എന്ന പേരിൽ പ്രിയങ്ക ആരംഭിച്ച ക്യാംപെയ്‌നിലാണ് മോദിക്കെതിരെ അവർ രംഗത്ത് എത്തിയത്. ‘മഹാമാരിയുടെ തുടക്കം മുതൽ ഇന്ത്യയിലെ വാക്സിനുകൾ സാധാരണക്കാരുടെ ജീവൻ രക്ഷിക്കാനുള്ള സംവിധാനത്തെക്കാൾ പ്രധാനമന്ത്രിയുടെ സ്വകാര്യ പരസ്യത്തിനുള്ള വസ്തുവായി മാറി എന്നതാണ് കയ്പേറിയ സത്യം,’ എന്നും പ്രിയങ്ക പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ ഇന്ത്യ ഇന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വാക്സിൻ സംഭാവനകളെ ആശ്രയിക്കുകയും വാക്സിനേഷന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും ദുർബലമായ രാജ്യങ്ങളുടെ നിരയിൽ എത്തിയെന്നും പ്രിയങ്ക പറഞ്ഞു.വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുന്നതിനാവശ്യമായ മാറ്റങ്ങൾ കൊവിൻ ആപ്പിൽ വരുത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിലെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രങ്ങൾ ഒഴിവാക്കാൻ തീരുമാനമായതായി റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ മോദിയുടെ ഫോട്ടോ വാക്‌സിൻ സർട്ടിഫിക്കറ്റിൽ പതിച്ചതിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു. ഹരജിക്കാരന് ഒരുലക്ഷം രൂപ പിഴ ചുമത്തിയാണ് കോടതി ഹരജി തള്ളിയത്.