സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. വെസ്റ്റ്ഹില്ലിലെ സമുദ്ര ഓഡിറ്റോറിയത്തിൽ (എം കേളപ്പൻ നഗർ) രാവിലെ 10ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന വേദിയായ കടപ്പുറത്തെ ഇ എം എസ് നഗറിൽ ഞായർ വൈകിട്ട് ചെങ്കൊടി ഉയർന്നു. സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പതാക ഉയർത്തി.
സമ്മേളനത്തിൽ 208 പ്രതിനിധികളും ജില്ലാ കമ്മിറ്റി അംഗങ്ങളുമുൾപ്പെടെ 250 പേർ പങ്കെടുക്കും. പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. ജില്ലാ സെക്രട്ടറി പി മോഹനൻ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ചക്ക് ശേഷം പൊതുചർച്ച. ചൊവ്വാഴ്ച ചർച്ചയും മറുപടിയും. ബുധന് പുതിയ ജില്ലാകമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകിട്ട് സമാപന സമ്മേളനം കടപ്പുറത്തെ സ്വാതന്ത്ര്യചത്വരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.