വികസനത്തിൽ പിന്നോട്ടില്ല; നിക്ഷിപ്‌ത താൽപ്പര്യക്കാർക്ക്‌ വഴിപ്പെടില്ല: മുഖ്യമന്ത്രി

0
83

നാടിന്റെ വികസനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന നിക്ഷിപ്‌ത താൽപ്പര്യക്കാർക്ക്‌ വഴിപ്പെടാൻ സർക്കാരിനാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ജനങ്ങളുടെ താൽപ്പര്യം പരിഗണിച്ച്‌ അത്തരം കാര്യങ്ങൾ പൂർത്തീകരിക്കും. തെലങ്കാനയിലെ മലയാളി സമൂഹത്തെ വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മുഖച്ഛായ മാറുന്ന പദ്ധതികൾ നാടിന്‌ ഒഴിച്ചുകൂടാനാകാത്തതാണ്‌. ഭാവിതലമുറ അനുഭവിക്കേണ്ടതാണ്‌ ഈ വികസനത്തിന്റെ നേട്ടം. അത്‌ ഉറപ്പാക്കിയില്ലെങ്കിൽ അവർ നമ്മെ കുറ്റക്കാരായി കാണും. വികസനത്തിനൊപ്പം നടക്കുകയെന്നത്‌ നാടിനോട്‌ താൽപ്പര്യമുള്ള എല്ലാവരുടെയും കർത്തവ്യമാണ്‌‌. അതിൽ കക്ഷിരാഷ്‌ട്രീയ ഭേദമില്ല. ചില കാര്യത്തിൽ എതിർപ്പ്‌ കേരളത്തിന്റെ രീതിയാണ്‌. അതിൽ പരിഗണിക്കേണ്ട വിഷയങ്ങളിൽ നടപടിയുണ്ടാകും. വികസനം ഉറപ്പാക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുപോകും. അതിൽ എല്ലാവരുടെയും സഹകരണം ഉറപ്പാക്കണം. ഒട്ടേറെ രംഗങ്ങളിൽ മികവാർന്ന നേട്ടം കേരളത്തിനുണ്ടായി. വികസിത രാജ്യങ്ങൾപോലും ഉറ്റുനോക്കുന്നനിലയിൽ കോവിഡിനെ പ്രതിരോധിക്കാനായി. ലൈഫ്‌ പദ്ധതിയിൽ വർഷം ഒരുലക്ഷം വീട്‌ നിർമിച്ചുനൽകുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌.

കേന്ദ്രീകൃത മാലിന്യ നിർമാർജന പ്ലാന്റുകൾ സ്ഥാപിക്കുന്നതിൽ കൂടുതൽ പ്രവർത്തനം ഏറ്റെടുക്കും. നദി, കായൽ, കിണർ ശുദ്ധീകരണം തുടരും. പശ്ചാത്തല സൗകര്യവികസനത്തിൽ ഇടപെടൽ ഊർജിതപ്പടുത്തും. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനാകും ഊന്നൽ. ആധുനിക കോഴ്‌സുകളും അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഫാക്കൽറ്റിയും ഉറപ്പാക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈദരാബാദിലെ മലയാളി സമൂഹവുമായി നേരിട്ട്‌ സംവദിക്കാനാണ്‌ മുഖ്യമന്ത്രി നിശ്ചയിച്ചിരുന്നത്‌. ഒമിക്രോൺ സാഹചര്യത്തിൽ പൊതുപരിപാടികൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ്‌ ഓൺലൈനിലാക്കിയത്‌.