കെഎസ്‌യു നേതാവ്‌ ലക്ഷങ്ങൾ തട്ടിയതായി പരാതി

0
42

തൃശൂർ> നിരവധി പേരിൽ നിന്ന്‌ ലക്ഷക്കണക്കിന്‌ രൂപ തട്ടിയെടുത്തതായി കാണിച്ച്‌ കെഎസ്‌യു നേതാവിനെതിരെ ജില്ലയിലെ വിവിധ പൊലീസ്‌ സ്‌റ്റേഷനുകളിൽ പരാതി. കോൺഗ്രസ്‌ നേതാക്കൾക്കും കോൺഗ്രസ്‌ പാർടിക്കും വേണ്ടിയാണെന്ന്‌ പറഞ്ഞ്‌ കെഎസ്‌യു ജില്ലാ സെക്രട്ടറി വിൽവട്ടം വടക്കേത്തല വി എസ്‌ ഡേവിഡാ(27)ണ്‌ നിരവധി പേരിൽ പണം വാങ്ങിയത്‌.  വാഹനങ്ങൾ തട്ടിയെടുത്തതായും പരാതിയുണ്ട്‌. ഇതു സംബന്ധിച്ച്‌ പൊലീസ്‌ അന്വേഷണം തുടങ്ങി.

കുറ്റൂർ സ്വദേശിയും ബിരുദ വിദ്യാർഥിയുമായ ആന്റണി ചാഴൂർ, ഒല്ലൂർ എടക്കുന്നി കാഞ്ചന വിജയൻ, തൃശൂർ ഷൊർണൂർ റോഡിലെ വി ക്രഡിറ്റ്‌സ്‌ ഫിറ്റ്‌നസ്‌ ഡയറക്ടർ  രഞ്ജിത്‌ ശങ്കർ, ചെമ്പൂക്കാവ്‌ ആൻഗ്രി ബേർഡ്‌ ട്രാവൽസ്‌ മാനേജിങ്‌ പാർട്‌ണർ ശരണ്യ രഞ്ജിത്‌ തുടങ്ങിയവരാണ്‌ തൃശൂർ ഈസ്‌റ്റ്‌, ഒല്ലൂർ, വിയ്യൂർ പൊലീസ്‌ സ്‌റ്റേഷനുകളിൽ രേഖകൾ സഹിതം പരാതി നൽകിയത്‌. കോൺഗ്രസ്‌ നേതാക്കൾക്ക്‌ നൽകി, പണം ഇരട്ടിപ്പിച്ച്‌ തരാമെന്ന്‌ പറഞ്ഞ്‌ പലതവണയായി ലക്ഷക്കണക്കിന്‌ രൂപ ഡേവിഡ്‌ വാങ്ങിയെന്നും എട്ടു ലക്ഷംരൂപ തിരികെ ലഭിക്കാനുണ്ടെന്നും  ആന്റണി പൊലീസിന്‌ നൽകിയ പരാതിയിൽ പറയുന്നു.

കോൺഗ്രസ്‌ നേതാവും മുൻ എംഎൽഎയുമായ പി എ മാധവൻ പ്രസിഡന്റായ കൊക്കാല മത്സ്യ വിപണന സഹകരണ സംഘത്തിൽ മകന്‌ പ്യൂണിന്റെ ജോലി നൽകാമെന്ന്‌ പറഞ്ഞാണ്‌ കാഞ്ചന വിജയനിൽനിന്ന്‌ 4.75 ലക്ഷം രൂപ വാങ്ങിയത്‌. കൂലിപ്പണിക്കാരിയായ കാഞ്ചന മകന്‌ തൊഴിൽ ലഭിക്കുമെന്ന്‌ കരുതി   പലിശയ്‌ക്ക്‌ പണം വായ്‌പയെടുത്താണ്‌ തുക ഡേവിഡിന്‌ നൽകിയത്‌. ഡിസംബറിൽ തിരികെ നൽകാമെന്ന്‌ പറഞ്ഞാണ്‌ രഞ്ജിത്‌ ശങ്കറിൽനിന്ന്‌ 1.50 ലക്ഷം രൂപ വാങ്ങിയത്‌.

ഒന്നരവർഷംമുമ്പ്‌ ആൻഗ്രി ബേർഡ്‌ എന്ന സ്ഥാപനത്തിൽനിന്ന്‌ ഒരു ഇയോൺകാറും ഒരു റിറ്റ്‌സ്‌കാറും, തുക ഗഡുക്കളായി അടയ്‌ക്കാമെന്ന്‌ പറഞ്ഞാണ്‌ എടുത്തുകൊണ്ടുപോയത്‌. പണവും വാഹനങ്ങളും നഷ്ടപ്പെട്ടവർ ജില്ലാ കോൺഗ്രസ്‌ പ്രസിഡന്റ്‌ ജോസ്‌ വള്ളൂരിനെ വിവരം അറിയിച്ചെങ്കിലും പരിഹാരമാകാത്തതിനാലാണ്‌ പൊലീസിൽ പരാതി നൽകിയത്‌. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പരാതി നൽകിയിട്ടുണ്ട്‌.