ചരിത്ര തീരുമാനത്തിനൊരുങ്ങി കേരളാ പോലീസ്. സേനയിൽ ട്രാൻസ്‌ജെൻഡേഴ്‌സിനെ ഭാഗമാക്കാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. ഉന്നത പോലീസുദ്യോഗസ്ഥരുടെ അഭിപ്രായം തേടാനാണ് തീരുമാനം.
സേനയുടെ നിലപാട് എഡിജിപിമാരുടെ യോഗത്തിൽ സ്വീകരിക്കും. പോലീസിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമാകും സർക്കാർ അന്തിമ നിലപാട് സ്വീകരിക്കുക. സർക്കാർ ശുപാർശ പോലീസ് ആസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.
ട്രാൻസ്‌ജെൻഡേഴ്‌സിനെ സേനയിൽ കൊണ്ടുവന്നാൽ എങ്ങനെയാണ് ഉൾപ്പെടുത്താനാകൂക, എങ്ങനെയാണ് റിക്രൂട്ട് ചെയ്യുക, പരിശീലനം അടക്കമുള്ള കാര്യങ്ങൾ എപ്രകാരമായിരിക്കണം എന്നീ കാര്യങ്ങളിലാണ് സർക്കാർ അഭിപ്രായം തേടുന്നത്. ഇതോടൊപ്പം ഏതൊക്കെ മേഖലകളിൽ ഇവരെ നിയോഗിക്കാൻ സാധിക്കുമെന്നും പരിശോധിക്കും.