രാമനാട്ടുകര അപകടം; ട്രക്ക് ഡ്രൈവർക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യയ്‌ക്ക്‌ കേസ്

0
29

രാമനാട്ടുകര ബൈപ്പാസിലെ കൊടൽ നടക്കാവ് വയൽക്കരയിൽ ട്രക്ക് കാറിലേക്ക് ഇടിച്ച് കയറി ദമ്പതികൾ മരിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ്. ട്രക്ക് ഡ്രൈവർക്കെതിരേ മന:പൂർവമല്ലാത്ത നരഹത്യയ്‌ക്ക്‌ കേസെടുത്തു. മണ്ണാർക്കാട് സ്വദേശിയായ ഹാരിഷിനെതിരേയാണ് കേസെടുത്തത്.

കാർ യാത്രക്കാരായ മടവൂർ അരങ്കിൽ താഴം എതിരംമല കോളനിയിലെ കൃഷ്‌ണൻകുട്ടി (55), ഭാര്യ സുധ (45) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മകൻ അരുൺ (21), സുഹൃത്ത് കാർ ഡ്രൈവർ കണ്ണൂർ സ്വദേശി അലി, ഗുഡ്‌സ്‌ ഓട്ടോയിലുണ്ടായിരുന്ന അൻവർ (44), സമീറ (38) എന്നിവർ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിൽസയിലാണ്.

വ്യാഴാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം നടന്നത്. ഇളയമകൻ അഭിജിത്തിനെ എറണാകുളത്ത് പഠന സ്‌ഥലത്ത് എത്തിച്ച് തിരിച്ചുവരുമ്പോഴാണ് കൃഷ്‌ണൻകുട്ടിയും കുടുംബവും അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ഭാഗത്തു നിന്ന് അതിവേഗത്തിൽ തെറ്റായ വശത്തുകൂടെ വന്ന ലോറി എതിരേവന്ന കാറിൽ ഇടിക്കുകയായിരുന്നു.

കാറിനെ വലിച്ചിഴച്ച് മുന്നോട്ടുപോയ ലോറി, ഗുഡ്‌സ് ഓട്ടോയിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും ഓട്ടോ ഭാഗികമായും തകർന്നു. ലോറിയുടെ ഡ്രൈവർ സംഭവ സ്‌ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പോലീസ് പിടിക്കുകയായിരുന്നു. കാർ ലോറിക്കടിയിൽപ്പെട്ടതിനാൽ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.