സംരംഭകത്വ ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍മാര്‍ക്കറ്റുകളുടെ സാധ്യത ആരായും: പി ശ്രീരാമകൃഷ്ണന്‍

0
31

വിദേശങ്ങളിലേതുപോലെ കേരളത്തിലും എന്റര്‍പ്രണര്‍ഷിപ്പ് ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നതിന്റെ സാധ്യതകള്‍ ആരായുമെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍. വികേന്ദ്രീകൃത ഉത്പാദനത്തെ പ്രോത്സാഹിപ്പിച്ച് ഒരു ലക്ഷം സൂക്ഷ്മ-ചെറകിട-ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാനുള്ള വ്യവസായ വകുപ്പിന്റെ പദ്ധതിയില്‍ പ്രവാസികള്‍ക്ക് പ്രത്യേക ചാനല്‍ രൂപപ്പെടുത്താന്‍ ശ്രമിക്കും.

കോവിഡിന് ശേഷം സേവനമേഖലയില്‍ വളരെയധികം സാധ്യതകള്‍ രൂപപ്പെട്ടിട്ടുള്ള സംസ്ഥാനമാണ് കേരളം. അവ പ്രയോജനപ്പെടുത്തുന്നതില്‍ പ്രവാസി സമൂഹത്തിന് എല്ലാ സഹായവും നല്‍കാന്‍ നോര്‍ക്ക തയാറാണ്. പ്രവാസികള്‍ക്കും വിദേശത്തുനിന്ന് തിരികെയെത്തിയവര്‍ക്കുമുള്ള സംരംഭകത്വ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിലെയും വിദേശ വിപണിയിലെയും സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംരംഭകര്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി സംരംഭകത്വ പരിശീലന പരമ്പരയുടെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ് ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സംരംഭകര്‍ക്കായി തയാറാക്കിയ മൂന്നു കൈപ്പുസ്തകങ്ങളുടെ പ്രകാശനവും പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.

നോര്‍ക്ക റൂട്ട്‌സ് സി ഇ ഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനായി. ഡോ. എം എസ് സജീവ് ക്ലാസെടുത്തു. കെ വി സുരേഷ്, ബി ഷറഫുദ്ദീൻ എന്നിവര്‍ സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, മേരി കോശി, ശരത് വി രാജ് എന്നിവര്‍ സംസാരിച്ചു.