സി വി വർഗീസ്‌ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി

0
85

സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. 39 അംഗ ജില്ലാ കമ്മിറ്റിയേുേം തെരഞ്ഞെടുത്തു. അറുപത്തൊന്നുകാരനായ സി വി വർഗീസ് കെഎസ് വൈ എഫിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. 20 വർഷമായി ജില്ലാ സെക്രട്ടറിയറ്റംഗമാണ്. നിലവിൽ കർഷക സംഘം ജില്ലാ പ്രസിഡൻ്റുമാണ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്.

1961 ഒക്ടോബർ ഏഴിന് ചെള്ളക്കുഴിയിൽ വർഗീസ് – ഏലിയാമ്മ ദമ്പതികളുടെ മകനായി ചീന്തലാറിൽ ജനനം. കട്ടപ്പന കാഞ്ചിയാറിൽ ബാല്യം. തുടർന്ന് തങ്കമണിയിലേക്ക് താമസം മാറി. 1979 ൽ 18-ാം വയസിൽ പാർടിയംഗമായി. 1991 മുതൽ 97 വരെ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റായി. 2014 മുതൽ കർഷകസംഘം ജില്ലാ പ്രസിഡൻ്റാണ്.
സുഭിക്ഷകേരളം, പാലിയേറ്റീവ് കെയർ, നവമാധ്യമം, എകെഎസ് എന്നിവയുടെ ചുമതലകളും നിലവിൽ വഹിക്കുന്നു. ഇടുക്കി മെഡിക്കൽ കോളേജ് എച്ച്എംസി മെമ്പറുമാണ്. കട്ടപ്പന ,തങ്കമണി,ബഥേൽ സഹകരണആശുപത്രിയുടെ സ്ഥാപകനും ജൈവഗ്രാം ജില്ലാ സഹകരണ സംഘം പ്രസിഡൻ്റുമാണ്. ആയിരത്തിൽ പരം പാലിയേറ്റീവ് രോഗികൾക്ക് പരിചരണമേകുന്ന സ്വാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപകനും അഡ്മിനിസ്ട്രേറ്ററുമാണ്.

2006 ലും 2011 ലും ഇടുക്കിയിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചു. കർഷകപ്രക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള പോരാട്ടങ്ങളിൽ നിരവധി തവണ പൊലീസ്, ഗുണ്ടാമർദ്ദനങ്ങൾ ഏറ്റുവാങ്ങി. ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ജിജിമോൾ. മക്കൾ: ജീവാ മോൾ, അമൽ. മരുമകൻ: സജിത്.