ജില്ല ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍സ് കോഓപറേറ്റിവ് സൊസൈറ്റി ജീവനക്കാരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളായ ദമ്പതികൾ അറസ്റ്റിൽ.
കൈതമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സഹകരണസംഘത്തിലെ സെക്രട്ടറിയുമായിരുന്ന ലേഖ പി നായര്‍ (40), ഭര്‍ത്താവ് കൃഷ്ണകുമാര്‍ (45) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം തമലം സ്വദേശി സനോജ് സഹകരണസംഘത്തില്‍ നിക്ഷേപിച്ചിരുന്ന 35 ലക്ഷത്തോളം രൂപ കാലാവധി പൂര്‍ത്തിയായിട്ടും തിരികെ നല്‍കാത്തതായി കാണിച്ച് ഫോര്‍ട്ട് പൊലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
തകരപ്പറമ്പ് കേന്ദ്രീകരിച്ച് 2013ല്‍ തിരുവനന്തപുരം ജില്ല ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍സ് കോഓപറേറ്റിവ് സൊസൈറ്റി എന്ന പേരില്‍ സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് അനധികൃതമായി ജീവനക്കാരില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങിയാണ് നിയമനം നടത്തിയത്. ഉയര്‍ന്ന പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരില്‍നിന്ന് മൂന്ന് കോടിയോളം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ആയും ഒരു കോടിയോളം എസ്ബി അക്കൗണ്ടുകള്‍ വഴിയും കൈവശപ്പെടുത്തുകയായിരുന്നു.