കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ്. സ്‌കൂളുകളും കോളേജുകളും അടച്ചിടാനാണ് തീരുമാനം. പൊതു സഞ്ചാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. പുതിയ ഉത്തരവപ്രകാരം സ്‌കൂളുകളും കോളേജുകളും സർവകലാശാലകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു.
എന്നാൽ, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. മെഡിക്കല്‍, നഴ്സിംഗ് കോളേജുകള്‍ക്ക് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ ഉണ്ടായിരിക്കും. ബാറുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍, സ്പാകള്‍, മ്യൂസിയങ്ങള്‍, മൃഗശാലകള്‍ എന്നിവ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം.
അതേസമയം ഇവിടെയുള്ള എല്ലാ സ്റ്റാഫ് അംഗങ്ങളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ജനുവരി 15 വരെയാണ് പുതിയ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.