നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തയച്ചു

0
41

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും, ഒപ്പം തന്നെ രണ്ടാം പബ്ളിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

നിലവിൽ രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിൽ പബ്ളിക് പ്രോസിക്യൂട്ടർ രാജി വച്ചത്. സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് വിഎൻ അനിൽ കുമാറാണ് ഇപ്പോൾ രാജി വച്ചത്. ഇതോടെ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. വിചാരണക്കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് പ്രോസിക്യൂട്ടർമാർ രാജി വച്ചത്.

നടിയെ ആക്രമിച്ച പ്രതികള്‍ ചിത്രീകരിച്ച അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു എന്നാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് നടി വ്യക്‌തമാക്കിയത്‌. കൂടാതെ ഒന്നാം പ്രതിയായ സുനില്‍ കുമാറുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്ര കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.