ബിജെപിയുടെ ഭരണം കോർപ്പറേറ്റുകൾക്കും മതരാഷ്‌ട്രത്തിനും വേണ്ടി: കോടിയേരി

0
67

ഇടുക്കി>  കോർപ്പറേറ്റുകൾക്കും   മതരാഷ്‌ട്രം സ്‌ഥാപിക്കുന്നതിനും   വേണ്ടിയാണ്‌ ബിജെപിയുടെ കേന്ദ്രത്തിലെ ഭരണമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ആ ഭരണം അവസാനിപ്പിക്കാൻ കഴിയണമെന്നും  സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ആർഎസ്‌എസ്‌ നയമാണ്‌ ബിജെപിയും മോഡിയും  നടപ്പാക്കുന്നത്‌ . രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കി ഒരു മതരാഷ്‌ട്ര നിർമ്മാണമാണ്‌ അവരുടെ ലക്ഷ്യം. അമിതാധികാര ഭരണമാണ്‌ മോഡിയുടേത്‌. അതിന്‌ കോർപ്പറേറ്റുകളെ പരമാവധി വളർത്തുകയാണ്‌. കോർപ്പറേറ്റുകൾക്ക്‌ വേണ്ടി കോർപ്പറേറ്റുകളാൽ നടത്തപെടുന്ന കോർപ്പറേറ്റ്‌ ഭരണം. ലോകത്തെ ദരിദ്രരിൽ 60 ശതമാനവും ഉള്ള ഈ രാജ്യത്താണ്‌ അംബാനിയും അദാനിയും തങ്ങളുടെ ആസ്‌തി അനേകമടങ്ങായി  വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

 

എല്ലാ മേഖലകളും അവർ  ബഹുരാഷ്‌ട്ര കുത്തകകൾക്ക്‌ വേണ്ടി തുറന്നിട്ടിരിക്കുന്നു. തന്ത്രപ്രധാന മേഖലകളിൽ 100 ശതമാനം വിദേശ മൂലധനം അനുവദിക്കാം എന്നാണ്‌ നയം. കാർഷികമേഖലയിലും വിദേശ മൂലധനം കൊണ്ടുവരാനാണ്‌ നിയമമുണ്ടാക്കിയത്‌. എന്നാൽ കർഷകരുടേയും തൊഴിലാളികളുടേയും സമരവീര്യത്തിന്‌ മുന്നിൽ സർക്കാരിന്‌ ആ നിയമം റദ്ദാക്കേണ്ടിവന്നു. അത്തരത്തിൽ ഉയർന്ന്‌ വരുന്ന വർഗ സമരങ്ങളിലൂടെയാണ്‌ രാജ്യം  മാറാൻ പോകുന്നത്‌. അതിന്‌ സിപിഐ എമും മറ്റ്‌ ഇടതുപക്ഷ മതനിരപേക്ഷ പ്രസ്‌ഥാനങ്ങളും ഒരുമിച്ച്‌ നിന്ന്‌ നേതൃത്വം നൽകുകയാണ്‌ വേണ്ടത്‌.

മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്‌ ബിജെപിയേയോ  ആർഎസ്‌എസിനേയോ എതിർക്കാൻ കഴിയുന്നില്ല. വർഗീയതയേയോ ഹിന്ദുത്വ അജണ്ടകളേയോ എതിർക്കാൻ കോൺഗ്രസിന്‌ കഴിയുന്നില്ലെന്നും കോടിയേരി പറഞ്ഞു.