സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ എൻ സുരേഷ്‌ബാബുവിനെ തെരഞ്ഞെടുത്തു. നിലവിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ്. ചിറ്റൂർ പെരുമാട്ടി കോരിയാർചള്ള ഇടയൻകൊളമ്പ് വീട്ടിൽ കമ്മ്യൂണിസ്‌റ്റ് പാർടിയുടെ ആദ്യകാല നേതാവ് ഇ ആർ നാരായണന്റെ മകനാണ്.
വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന ഇദ്ദേഹം ആദ്യമായാണ് ജില്ലാ കമ്മിറ്റിയുടെ അമരത്ത് എത്തുന്നത്. അമ്പത്തൊന്നുകാരനായ സുരേഷ്‌ബാബു എസ്‌എഫ്‌ഐ ചിറ്റൂർ ഏരിയ പ്രസിഡന്റും ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു. സിപിഐ എം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായും ചിറ്റൂർ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ സിഐടിയു ജില്ലാ കമ്മിറ്റിയംഗം, മലബാർ സിമന്റ്സ് ഡയറക്ടർ, ചിറ്റൂർ താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി ആൻഡ് റീസേർച്ച് സെന്റർ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ചിറ്റൂർ ഗവ. കോളേജിൽനിന്ന് സാമ്പത്തികശാസ്‌ത്രത്തിലെ ബുരുദത്തിനുശേഷം പുണെ സിമ്പോസിസ് കോളേജ് ഓഫ് ലോയിൽ നിയമ പഠനവും പൂർത്തിയാക്കി. വ്യവസായവകുപ്പിലെ ജോലി ഉപേക്ഷിച്ചാണ് സിപിഐ എമ്മിൽ മുഴുവൻ സമയ പ്രവർത്തനം ഏറ്റെടുത്തത്. നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ സുരേഷ്‌ബാബു ജയിൽവാസവും അനുഭവിച്ചു. മാധവിയാണ് അമ്മ. ശ്രീലേഖ ഭാര്യയും മാധവി, ആദി എന്നിവർ മക്കളുമാണ്.