ചരിത്രം കുറിച്ച കർഷകപ്രക്ഷോഭം, പിണറായിക്ക് രണ്ടാമൂഴം, ഭീതിയായി ഒമിക്രോൺ, കുതിച്ചുകയറി ഇന്ധനവില- പോയവർഷം

0
94

അടിച്ചമർത്തലുകൾ, അതിക്രമങ്ങൾ, കൊലപാതകങ്ങൾ, മാധ്യമങ്ങളുടെ പോർവിളി എന്നിവയെല്ലാം അതിജീവിച്ച് കർഷകപ്രക്ഷോഭം സമ്പൂർണ വിജയം കൈവരിച്ചു എന്നതുതന്നെയാണ് പോയവർഷം രാജ്യത്തെ പ്രധാന സംഭവങ്ങളിലൊന്ന്. ചരിത്രത്തിലാദ്യമായി കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഭരണത്തുടർച്ചയേറി എന്നതും ലോകമാകെ ശ്രദ്ധിച്ചു. വാക്സിനേഷൻ തുടരുമ്പോഴും ഒമിക്രോൺ വ്യാപനം ആശങ്ക വളർത്തുന്നു.

2021 ന്റെ അവസാനഘട്ടത്തിൽ ഒമിക്രോൺ ഭീതിയാകുമ്പോൾ പ്രകൃതി ദുരന്തങ്ങൾ നാടിനെ വിടാതെ വേട്ടയാടി. ലക്ഷദ്വീപിനെ സംഘപരിവാർ പരീക്ഷണശാലയാക്കാനുള്ള പരിശ്രമവും പോയകൊല്ലം സാക്ഷ്യം വഹിച്ചു. വിവാഹപ്രായ വിവാദവും കുനുരിലെ ഹെലികോപ്റ്റർ ദുരന്തവും വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. അടിക്കടിയുള്ള ഇന്ധന വിലവർധനവും പാചകവാതക വിലയുടെ കുതിപ്പും സാധാരണക്കാരുടെ ജീവിതം നിത്യദുരിതത്തിലാക്കി. എന്നാലും അതിജീവനത്തിന്റെ പ്രതീക്ഷയോടെയാണ് രാജ്യം പുതുവർഷത്തെ എതിരേൽക്കുന്നത്.

ഓരോ ദിവസവും ഇന്ധനവില വർധിപ്പിക്കുകയെന്ന കലാപരിപാടി അഭംഗുരം തുടർന്നത് 2021 ൽ ആയിരുന്നു. തെരഞ്ഞെടുപ്പുകൾ മാത്രം വരുമ്പോൾ ഒരു രൂപ കുറക്കുകയും പിന്നെ അഞ്ചു രൂപ കൂട്ടുകയും ചെയ്യുന്ന അഭ്യാസം തന്നെയാണ് കേന്ദ്രം തുടർന്നത്. ഇതിനിടയിലാണ് പാചക വാതക നിരക്കും കുത്തനെ കൂട്ടിയത്. ഇതാദ്യമായി ഡീസൽ വില നൂറു രൂപയിൽ എത്തിച്ചതും 2021 ൽ തന്നെ.

ഒരു വർഷം നീണ്ടുനിന്ന കർഷകരുടെ പോരാട്ടം വൻവിജയം കണ്ടത് രാജ്യത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ പുത്തനേടായി. പൊതുശത്രുവിനെ തിരിച്ചറിഞ്ഞ്‌ ഐക്യത്തോടെ പൊരുതിയാണ്‌ കർഷകർ വിജയം ഗംഭീരമാക്കിയത്‌. കർഷക വിജയത്തിൽ തകർന്നടിഞ്ഞത്‌ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ അധികാരഹുങ്കും കൂടിയാണ്. തങ്ങളുടെ പൊതുശത്രു കോർപറേറ്റുകളാണെന്ന കർഷകരുടെ തിരിച്ചറിവിന്‌ മുന്നിൽ ഭിന്നിപ്പിക്കാനുള്ള കുതന്ത്രങ്ങൾ പരാജയപ്പെട്ടു. ലോകമാകെ കർഷകപ്രക്ഷോഭം വലിയ ചർച്ചയായി. കര്‍ഷകരുടെ ഇച്ഛാശക്തിയുടെ വിജയത്താല്‍ അടയാളപ്പെടുത്തിയ വര്‍ഷമാണ് 2021. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ കര്‍ഷകമുന്നേറ്റത്തിനാണ് 2021 സാക്ഷ്യം വഹിച്ചത്.

ആശങ്കയും ഭീതിയും വളർത്തി കോവിഡിന്റെ വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്നു എന്ന വാർത്തയാണ് വർഷാവസാനം പുറത്തുവന്നിരിക്കുന്നത്. ഇതിനകം നിരവധി സംസ്ഥാനങ്ങൾ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നു. 2021 ആയപ്പോഴേക്കും രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞുവീശിയിരുന്നു. ഇന്ത്യയില്‍ ഒറ്റ ദിവസം 4,00,000 പുതിയ കേസുകള്‍ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയവും ആരോഗ്യപ്രവർത്തകരും കിണഞ്ഞു പരിശ്രമിച്ച് രോഗവ്യാപനം തടയാൻ ശ്രമിച്ചുവെങ്കിലും ഏറ്റവുമൊടുവിൽ ഒമിക്രോൺ പിടിമുറുക്കുകയാണ്. ഈവര്‍ഷമവസാനത്തോടെ കോവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണ്‍ രാജ്യത്ത് സ്ഥിരീകരിച്ചു.

സമ്പൂർണ വാക്സിനേഷന്റെ നേട്ടത്തിലേക്ക് നാം നടന്നുകയറി. കോവിന്‍ പോര്‍ട്ടലിലെ കണക്ക് പ്രകാരം സെപ്തംബര്‍ 17ന് 2,50,10,390 പേരാണ് കൊവിഡിനെതിരെ രാജ്യത്ത് വാക്‌സിനെടുത്തത്. കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിനേഷനെന്ന് രാജ്യം തിരിച്ചറിഞ്ഞു. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സീന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 2021 സെപ്റ്റംബര്‍ 17 ന് റെക്കോര്‍ഡ് വാക്‌സീന്‍ വിതരണം എന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി.

കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പോണ്ടിച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് 2021ലായിരുന്നു. കേരളത്തില്‍ ഇടതുമുന്നണി ആദ്യമായി തുടർഭരണത്തിലേറി. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ജനങ്ങൾ റെക്കോർഡ് സീറ്റോടെയാണ് വീണ്ടും ഭരണത്തിലേറ്റിയത്. ദുഷ്പ്രചാരണങ്ങളും ദുരാരോപണങ്ങളും കൊണ്ട് എൽഡിഎഫിനെ തകർക്കാൻ നോക്കിയാ വലതുപക്ഷ- മാധ്യമ കൂട്ടായ്മക്ക് കിട്ടിയ കനത്ത തിരിച്ചടി കൂടിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തുടർഭരണം.
പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും അസമില്‍ ബിജെപിയും ഭരണത്തുടര്‍ച്ച നേടി. തമിഴ്‌നാട്ടില്‍ ഡിഎംകെയും പോണ്ടിച്ചേരിയില്‍ ബിജെപിയും അധികാരം പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കണ്ടത്. പഞ്ചാബില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളലുണ്ടാകുന്നതും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയതും ഇതേ വർഷത്തിൽ.

രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം നടന്നതും ഈ വര്‍ഷം തന്നെ. ജ്യോതിരാദിത്യ സിന്ധ്യയും സര്‍ബാനന്ദ് സോനോവാളുമടക്കം 15 പുതിയ കാബിനറ്റ് മന്ത്രിമാരെ ഉള്‍പ്പെടുത്തി നരേന്ദ്രമോദി മന്ത്രിസഭ വികസിപ്പിച്ചു. രാജീവ് ചന്ദ്രശേഖറടക്കം 28 സഹമന്ത്രിമാരും ചുമതലയേറ്റു.

ലക്ഷദ്വീപിനെ സംഘപരിവാർ പരീക്ഷണശാലയാക്കാൻ ശ്രമിച്ചതും ഇതേ വർഷം തന്നെ. ജനങ്ങൾ സമാധാനത്തോടെ, സ്നേഹത്തോടെ, സ്വാതന്ത്ര്യത്തോടെ, സഹകരണത്തോടെ വസിക്കുന്ന ലക്ഷദ്വീപിന്റെ ശാന്തജീവിതം തകർക്കാൻ ഗൂഢനീക്കം നടത്തി. വർഗീയക്കളിക്കൊപ്പം ടൂറിസത്തിന്റെ മറവിൽ ദ്വീപിനെ കോർപറേറ്റ് മുതലാളിമാർക്ക് തീറെഴുതിക്കൊടുക്കാനുള്ള ശ്രമവും തിടുക്കത്തിൽ നടന്നുവരുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ ഒത്താശയോടെയായിരുന്നു ഈ നീക്കങ്ങളെല്ലാം.

അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ആണ് ഈ വര്‍ഷമാദ്യം നാശം വിതച്ച ചുഴലിക്കാറ്റ്. പിന്നാലെ, ഗുലാബ്, ജവാദ്, ഷഹീന്‍ ചുഴലിക്കാറ്റുകള്‍ ചെറു നാശം വിതച്ച്‌ കടന്നു പോയി. ചെന്നെയും പരിസര പ്രദേശങ്ങളും കഴിഞ്ഞ നവംബറില്‍ വീണ്ടും പ്രളയത്തിന്റെ പിടിയിലമര്‍ന്നു. ഉത്തരാഖണ്ഡിലും കേരളത്തിലും മധ്യപ്രദേശിലും ശക്തമായ മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വ്യാപക നാശമാണ് ഉണ്ടാക്കിയത്.

പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നിനുപിറകെ ഒന്നായി വിറ്റഴിക്കുന്നതിനും 2021 സാക്ഷ്യം വഹിച്ചു. പൊതുമേഖലാബാങ്കുകളും സ്ഥാപനങ്ങളും വിറ്റഴിക്കാൻ കേന്ദ്രം മത്സരിച്ച് പ്രവർത്തിക്കുകയാണ്. ഇതിനുപിന്നാലെയാണ് നവരത്ന സ്ഥാപനങ്ങളും വിറ്റഴിക്കാനുള്ള ശ്രമം.

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അടക്കം 14 പേരുടെ മരണത്തിനിടയാക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം രാജ്യത്തെ ഞെട്ടിച്ചു. 2021 ഡിസംബര്‍ 8ന് ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ദുരന്തമുണ്ടായത്.
രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്തുന്ന ബില്ല് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിച്ചത് ഇക്കഴിഞ്ഞ കൊല്ലമാണ്. രാജ്യം സജീവമായി ഈ വിഷയം ഇപ്പോഴും ചർച്ച ചെയ്യുന്നു.