ഒമൈക്രോൺ ആശങ്ക; മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും

0
101
file pic

സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ കൂടുന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മറ്റന്നാൾ മുതൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങളും മന്ത്രിസഭ യോഗം വിലയിരുത്തും. നിയന്ത്രണങ്ങൾ കൂടുതൽ ദിവസത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ആലോചനയും മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരുമെന്നാണ് സൂചന.

കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കാര്യവും മന്ത്രിസഭ പരിഗണിക്കും. ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവർഷ ആഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.

രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. കടകൾ രാത്രി 10 മണിക്ക് അടയ്‌ക്കണം. ആൾക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ലെന്നും നിർദ്ദേശമുണ്ട്. ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. എന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനങ്ങൾ ഒന്നും തന്നെ എടുത്തിട്ടില്ല.