ആർഎസ്‌എസ്‌ – എസ്‌ഡിപിഐ ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം

0
34

സംസ്ഥാനത്തെ ആർഎസ്‌എസ്‌ – എസ്‌ഡിപിഐ ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം. ആർഎസ്‌എസ്‌ – എസ്‌ഡിപിഐ ക്രിമിനലുകളുടെയും മുൻപ് കേസുകളിൽ പെട്ടവരുടെയും പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കാൻ നിർദ്ദേശിച്ചു. വാറന്റ് പ്രതികളെയും ഒളിവിലുള്ളവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യും. പുറത്തിറങ്ങിയവർ ജാമ്യവ്യവസ്ഥ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മറ്റു കേസുകളിൽ തുടർച്ചയായ പരിശോധനയും നടപടികളും ഉണ്ടാകും.
അടുത്തിടെ കേരളത്തിലുണ്ടായ കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരുടെയും ആസൂത്രണം ചെയ്‌തവരുടെയും വാഹനവും ആയുധവും ഫോണും നൽകി സഹായിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് അറസ്റ്റ് ചെയ്യും. അക്രമങ്ങൾക്ക് പണം നൽകിയവർക്കെതിരെയും പ്രതികളെ ഒളിപ്പിച്ചവർക്കെതിരെയും കേസെടുക്കും. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താൻ അന്വേഷണം നടത്തി മേൽനടപടി സ്വീകരിക്കും.
വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്ക് പ്രത്യേക നിർദ്ദേശം നൽകി. ഗ്രൂപ്പുകളിലെ അഡ്മിൻമാരെയും കേസിൽ പ്രതിയാക്കും. സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം നിരീക്ഷണം നടത്താൻ എല്ലാ ജില്ലകളിലേയും സൈബർ വിഭാഗത്തെയും ചുമതലപ്പെടുത്തി. നിർദ്ദേശങ്ങൾ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാനവിഭാഗം എ ഡി ജി പിയും മേഖലാ ഐ ജി മാരും എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകണമെന്നും ഡിജിപി നിർദ്ദേശിച്ചു.