പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍: എല്ലാ നഗരസഭകളിലും ആന്റി പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീം രൂപീകരിക്കും

0
35

കണ്ണൂർ ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ നഗരസഭകളിലും ആന്റീ പ്ലാസ്റ്റിക്ക് വിജിലന്‍സ് ടീം രൂപീകരിക്കാന്‍ തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസറ്റിക് വസ്തുക്കളുടെ ഉപയോഗം കര്‍ശനമായി തടയുകയാണ് ലക്ഷ്യം. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ നടന്ന പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിന്‍ യോഗത്തിലാണ് തീരുമാനം. നഗരസഭാ പരിധിയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളിലും ഒറ്റത്തവണ പ്ലാസ്റ്റിക്ക് വസ്തു നിരോധനം സംബന്ധിച്ച സ്റ്റിക്കര്‍ പതിക്കും. നഗരസഭാ തലത്തില്‍ ബദല്‍ ഉല്പന്ന -പ്രദര്‍ശന വിപണന മേള നടത്തും. മത്സ്യ- ഇറച്ചി വില്‍പനശാലകളിലെ പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നതിനും ബദല്‍ ഉല്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നഗരസഭാ തലത്തില്‍ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും. നഗരസഭ /പഞ്ചായത്ത് പരിധിയിലെ ഉത്സവ-ആഘോഷങ്ങളില്‍ ഹരിത പെരുമാറ്റ ചട്ടം പാലിക്കുന്നുവെന്ന് നഗരസഭകള്‍ ഉറപ്പു വരുത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. നൂറ് ശതമാനം യൂസര്‍ ഫീ പിരിക്കുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗങ്ങളെയും ഹരിത കര്‍മ്മ സേനകളെയും ബ്ലോക്ക് തലത്തില്‍ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മികച്ച സര്‍ക്കാര്‍ ഹരിത സ്ഥാപനങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പുരസ്‌കാരം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.

ഡിസംബര്‍ 30 നകം ജില്ലയിലെ എല്ലാം നഗരങ്ങളിലും പൊതു സ്ഥലങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളിലും സ്വകാര്യ-ദേശസാല്‍കൃത ബാങ്കുകളിലും ഒറ്റത്തവണ പ്ലാസ്റ്റിക്ക് നിരോധനവുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ സ്ഥാപിക്കും.

ജില്ലയിലെ നഗരസഭ ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാര്‍, സെക്രട്ടറിമാര്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.