മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനിക്ക് പരോള്‍ തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ചു. നളിനിയുടെ അമ്മ പത്മ നല്കിയ അപേക്ഷ പരിഗണിച്ച് മുപ്പത് ദിവസത്തേക്ക് പരോള്‍ നല്കാന് തീരുമാനിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹസന് മുഹമ്മദ് ജിന്ന മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. തന്റെ ആരോഗ്യനില പരിഗണിച്ച് മകള്‍ക്ക് പരോള്‍ അനുവദിക്കണമെന്ന് നളിനിയുടെ അമ്മ നല്കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു. ഇത് മൂന്നാം തവണയാണ് പരോള്‍ അനുവദിക്കുന്നത്.
രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളില്‍ ഒരാളാണ് നളിനി. മൂന്ന് പതിറ്റാണ്ട് നീണ്ട ജയില്‍വാസത്തിനിടെ 2016ലാണ് നളിനിക്ക് ആദ്യമായി പരോള്‍ അനുവദിക്കുന്നത്. പിന്നീട് മകളുടെ കല്യാണത്തിനായി 2019ലും പരോള്‍ ലഭിച്ചു. നളിനിയുള്പ്പെടെയുളള ഏഴ് പേരേയും മാനുഷിക പരിഗണന നല്കി വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.