Monday
12 January 2026
27.8 C
Kerala
HomeKeralaസംരംഭകരെ സഹായിക്കാൻ സർക്കാരിന്റെ സഹായഹസ്‌തം എന്നുമുണ്ടാകും; ധനമന്ത്രി

സംരംഭകരെ സഹായിക്കാൻ സർക്കാരിന്റെ സഹായഹസ്‌തം എന്നുമുണ്ടാകും; ധനമന്ത്രി

പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകരെ സഹായിക്കാനായി സംസ്‌ഥാന സർക്കാരിന്റെ സഹായഹസ്‌തം എന്നുമുണ്ടാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സാധാരണക്കാർക്ക് തൊഴിലും വരുമാനവും സൃഷ്‌ടിക്കുക എന്ന പരമപ്രധാന ദൗത്യം നിർവഹിക്കാൻ പുതുസംരംഭങ്ങൾ കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ ഉൽഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‍സി) നിലവിൽ 4,500 കോടി രൂപയോളം വായ്‌പ നൽകിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് 10,000 കോടി രൂപയിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യം. ജനസൗഹാർദമായി ഈ ദൗത്യം നിർവഹിക്കാൻ കെഎഫ്‌സിക്ക് കഴിയണം. ഇതിനായി കൂടുതൽ നൂതന പദ്ധതികൾ കെഎഫ്‌സി ആവിഷ്‌കരിക്കണം.

കാർഷികോൽപാദന രംഗത്തും നിർമാണ മേഖലയ്‌ക്കും ആവശ്യമായ സൂക്ഷ്‌മ-ചെറുകിട യന്ത്രങ്ങൾ നിർമിക്കുന്ന വ്യവസായത്തിൽ സ്‌റ്റാർട്ടപ്പുകൾ കൂടുതലായി മുന്നോട്ടുവരണം. ഇത്തരം വ്യവസായങ്ങളെ വികസിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധവെക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിലും ലളിത വ്യവസ്‌ഥയിലും വായ്‌പ ലഭ്യമാക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം പതിപ്പ് ആരംഭിച്ചിരിക്കുന്നത്. ഇത് പ്രകാരം സംരംഭകർക്ക് ഒരു കോടി രൂപ വരെ അഞ്ച്‌ ശതമാനം പലിശ നിരക്കിൽ വായ്‌പ നൽകും.

RELATED ARTICLES

Most Popular

Recent Comments