Monday
12 January 2026
23.8 C
Kerala
HomeIndiaതെരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍പട്ടിക നടപ്പിലാക്കാൻ ശുപാര്‍ശ

തെരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍പട്ടിക നടപ്പിലാക്കാൻ ശുപാര്‍ശ

രാജ്യത്ത് എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കുമായി ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശം. പാര്‍ലമെന്റിന്റെ നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ യോഗം വിളിക്കും.

നിലവില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുമുള്ള വോട്ടര്‍പട്ടികയുടെ ചുമതല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇതിനു പകരം ഏകീകരിച്ച വോട്ടര്‍പട്ടിക തയ്യാറാക്കി എല്ലാ തെരഞ്ഞെടുപ്പുകളും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തുക എന്നതാണ് പുതിയ ശുപാര്‍ശ മുന്നോട്ട് വെക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ യോഗമായിരിക്കും ആദ്യം വിളിച്ചു ചേര്‍ക്കുക. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വഴി നിയമം കൊണ്ടുവരാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ വോട്ടര്‍ പട്ടിക എന്ന ശുപാര്‍ശയെ പ്രതിപക്ഷം എതിര്‍ക്കുകയാണ്.

സംസ്ഥാനങ്ങളുടെ അവകാശം കവരുന്ന നിര്‍ദ്ദേശമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ്, ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസ്സാക്കിയത്.

ബില്‍ സ്വകാര്യതയ്ക്കുള്ള മൗലിക അവകാശത്തിന്റെ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു. ചില പ്രത്യേക കാരണങ്ങളാല്‍ ആധാര്‍ ഹാജരാക്കിയില്ലെങ്കിലും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം എന്നും ബില്ല് പറയുന്നു. ഒറ്റരാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം പ്രധാനമന്ത്രി നേരത്തെ മുന്നോട്ടുവെച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments