തിരുവനന്തപുരം വിമാനത്താവളം റോഡ് പണി ഏറ്റെടുത്ത കരാര്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. റോഡ് പണിയുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ ജൂനിയര്‍ ഉദ്യോഗസ്ഥരെ കമ്പനി അയച്ചതാണ് വിമര്‍ശനത്തിന് വഴിവെച്ചത്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ വിളിച്ചെങ്കില്‍ മാത്രമേ കമ്പനിയില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയുള്ളോയെന്ന് മന്ത്രി ചോദിച്ചു.
‘പണി നടക്കുന്നുണ്ടോ എന്നതു മാത്രമാണു പൊതുമരാമത്തു വകുപ്പിന്റെ പ്രശ്‌നം. നിങ്ങളുടെ കമ്പനി ഒരുപാടു നല്ല പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് എല്ലാമായി എന്നു ധരിക്കരുത്. അറ്റകുറ്റപ്പണി തീരാത്തതു മാത്രമല്ല, ഇത്രയും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാതിരുന്നതും വീഴ്ചയാണ്. ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും,’ എന്നും മന്ത്രി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
മന്ത്രി വിമര്‍ശനം ഉന്നയിച്ചതോടെ സാങ്കേതിക പ്രശ്‌നങ്ങളാണ് റോഡ് പണി ഇഴഞ്ഞതിന് കാരണമായതെന്ന് കമ്പനി അറിയിച്ചു. ഫെബ്രുവരിയില്‍ തന്നെ പണി പൂര്‍ത്തികരിക്കുമെന്നും കമ്പനി ഉറപ്പു നല്‍കി. അതേസമയം, 221 ദിവസങ്ങളായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡ് അടഞ്ഞുകിടക്കുകയാണ്. കടല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം മാത്രമേ റോഡിന്റെ പണികള്‍ ആരംഭിക്കു. യോഗത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ചീഫ് എഞ്ചിനീയറും പങ്കെടുത്തിരുന്നു.