കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എന്തിനും തയ്യാറായി ഇരിക്കണമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രണ്‍ദീപ് ഗുലേരിയ. യൂറോപ്പിലെ അവസ്ഥയുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാമെങ്കിലും രാജ്യത്ത് മൂന്നാം തരംഗമുണ്ടാകാനുള്ള സാധ്യത തള്ളാന്‍ കഴില്ല. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള സ്ഥിരീകരണത്തിലേക്ക് എത്താന്‍ കൂടുതല്‍ കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 170 ആയി ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടകയില്‍ അഞ്ച്, ഗുജറാത്തില്‍ നാല്, ഡല്‍ഹിയില്‍ ആറ്, കേരളത്തില്‍ നാല് എന്നിങ്ങനെയാണ് പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നിലവില്‍ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് ഒമിക്രോണ്‍ കേസുകള്‍.
മഹാരാഷ്ട്രയില്‍ മാത്രം 54 പേരാണ് ചികിത്സയിലുള്ളത്. ഡല്‍ഹിയില്‍ 28 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മഹാരാഷ്ട്ര (54), ഡല്‍ഹി (28), തെലങ്കാന (20), രാജസ്ഥാന്‍ (17), കര്‍ണാടക (19), കേരളം (15), ഗുജറാത്ത് (11), ഉത്തര്‍പ്രദേശ് (2), ആന്ധ്രാപ്രദേശ് (1), ചണ്ഡീഗഡ് (1), തമിഴ്നാട് (1), പശ്ചിമബംഗാള്‍ (1) എന്നിങ്ങനെയാണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണം. സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.