ബാംബു ഫെസ്റ്റിന് കൊച്ചിയിൽ ആവേശതുടക്കം

0
35

മുള ഉൽപ്പന്നങ്ങൾ, പനമ്പ്, കയർ തുടങ്ങി പരമ്പരാഗത ഉൽപ്പന്നങ്ങളുടെ വിപണനത്തിന് ഓൺലൈൻ പ്ലാറ്റ് ഫോം ആരംഭിക്കുമെന്ന് കയർ- വ്യവസായമന്ത്രി പി രാജീവ്. സംഭരണം, ലോജിസ്റ്റിക്‌സ് എന്നിവ വെല്ലുവിളി ആണെങ്കിലും ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ വിപണനം ഉറപ്പുവരുത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിൽ 18ാമത് കേരള ബാംബു ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരമ്പരാഗത ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിപണന സാദ്ധ്യത പഠിക്കാനായി ചുമതലപ്പെടുത്തിയ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കാക്കനാട് 15 ഏക്കറിൽ കിൻഫ്ര നിർമിക്കുന്ന ട്രേഡ് സെന്റർ രണ്ടുകൊല്ലത്തിനകം യാഥാർത്ഥ്യമാകും. ഇതോടെ എക്‌സിബിഷനുകൾക്ക് സ്ഥിരം വേദിയുണ്ടാകും. കൺവെൻഷൻ സെന്ററും ഇതിന്റെ ഭാഗമായി സജ്ജമാക്കും- മന്ത്രി കൂട്ടിച്ചേർത്തു.

പാരിസ്ഥിതിക അവബോധം ശക്തിപ്പെടുന്ന കാലഘട്ടത്തിൽ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഉൽപ്പന്നങ്ങൾക്ക് നല്ല പ്രാധാന്യമുണ്ട്. ഇതിൽ മുളക്ക് നല്ല സാധ്യതയും ഉണ്ട്. അതേസമയം, മുളയുടെ ലഭ്യതക്കുറവ് പരിഹരിക്കണം. വനം വകുപ്പുമായി ചർച്ച നടത്തി കുറവ് പരിഹരിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിനനുസരിച്ച് ലഭ്യമാകുന്നില്ല. അലിഗഡ് സർവകാലാശാലയുടെ കേരള ക്യാമ്പസിൽ 300 ഏക്കറിൽ 15000 മുള വെച്ച്‌ പിടിപ്പിച്ചിട്ടുണ്ട്. ഇത് പോലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ കൂടുതൽ മുള വെച്ച്‌ പിടി്പ്പിക്കണം. മുളയുൽപ്പന്നങ്ങളുടെ വിപണി ശക്തിപ്പെടുത്താൻ വർഷത്തിൽ ഒരു തവണ മേള മാത്രം പോര. ബാംബു കോർപ്പറേഷന്റെ അഞ്ച് സ്ഥിരം സ്റ്റോറുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുമെന്നും പി.രാജീവ് പറഞ്ഞു.

എറണാകുളം മറൈൻ ഡ്രൈവ് മൈതാനത്ത് ഈ മാസം 23 വരെയാണ് ബാംബൂ ഫെസ്റ്റ്. രാവിലെ 11 മണി മുതൽ 8 മണിവരെ നടക്കുന്ന ബാംബുഫെസ്റ്റിൽ പ്രവേശനം സൗജന്യമാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മേളയിലേക്ക് പ്രവേശനം. കേരളത്തിൽ നിന്നുള്ള 200ഓളം കരകൗശല തൊഴിലാളികളും പത്ത് സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ബാംബൂ കോർപ്പറേഷൻ, ഫോറസ്റ്റ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ്, ഹാൻഡിക്രാഫ്റ്റ് ഡവലെപ്പ്‌മെന്റ് കോർപ്പറേഷൻ എന്നിവരുടെ സ്റ്റാളുകൾ മേളയിലുണ്ട്. മുള കൊണ്ടുള്ള ഫർണിച്ചർ, കരകൗശല ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ, ബാഗ് , പാത്രങ്ങൾ തുടങ്ങി മുളയരി കൊണ്ടുള്ള വിവിധ ഭക്ഷ്യ ഉത്പന്നങ്ങളും ബാംബു ഫെസ്റ്റിൽ ലഭ്യമാണ്.

ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. കൊച്ചി മേയർ എം അനിൽകുമാർ, നാഷണൽ ബാംബൂ മിഷൻ കേരളയുടെ മിഷൻ ഡയറക്ടർ എസ് ഹരികിഷോർ, കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ്, സംസ്ഥാന ബാംബൂ കോർപ്പറേഷൻ എം ഡി അബ്ദുൽറഷീദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി.എബ്രഹാം, കെബിപ്പ് സിഇഒ എസ് സൂരജ് എന്നിവർ സംസാരിച്ചു. ഫോറസ്റ്റ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇൻട്രൊഡക്ഷൻ ടു സം ബാംബൂസ് ഓഫ് കേരള പുസ്തകം മന്ത്രി പി രാജീവ് എസ് ഹരികിഷോറിന് നൽകി പ്രകാശനം ചെയ്തു.

മുളയും അനുബന്ധ മേഖലകളിലുമുള്ള സംരംഭകത്വ പ്രക്രിയകളും ത്വരിതപ്പെടുത്തുന്നതിനായി 2003 ലാണ് സംസ്ഥാന ബാംബൂ മിഷൻ ആരംഭിച്ചത്. ഈ മേഖലയിലെ സാങ്കേതിക പോരായ്മ, ഉറവിടത്തെക്കുറിച്ചും-വിപണന സാധ്യതകളെക്കുറിച്ചുമുള്ള ധാരണക്കുറവ്, നൈപുണ്യവികസനത്തിന്റെ അഭാവം തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ വേണ്ടിയാണ് ബാംബൂ മിഷൻ രൂപീകരിച്ചത്. നൈപുണ്യവികസനം, കരകൗശല തൊഴിലാളികൾക്ക് പരിശീലനം നൽകൽ, സ്ഥാപനങ്ങൾ തമ്മിൽ പരസ്പരം ബന്ധം സ്ഥാപിക്കൽ, ട്രേഡ് ഫെയറുകളിൽ പങ്കെടുപ്പിക്കൽ, പരിശീലനം, മുളയുടെ പ്രജനനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ നടപ്പിലാക്കാനും ഈ മേഖലയ്ക്ക് പ്രചോദനം നൽകാനും മിഷൻ പ്രവർത്തിച്ച്‌ വരുന്നു.