സൂര്യാ ഫെസ്റ്റിവലിന് തിങ്കളാഴ്ച തുടക്കമാവും. ടാഗോർ തിയേറ്ററിൽ ‘അഗ്നി-2’ എന്ന മെഗാഷോയോടെയാണ് 111 ദിവസം നീണ്ടുനിൽക്കുന്ന മേളയ്ക്ക് തുടക്കമാകുന്നത്. തുടർച്ചയായ നാൽപ്പത്തിനാലാമത്തെ വർഷമാണ് മേള അരങ്ങേറുന്നത്.
നാൽപ്പതു കലാകാരന്മാർ പങ്കെടുക്കുന്ന അഗ്നിഷോയിലൂടെ രവീന്ദ്രൻമാഷ്, ജോൺസൺ മാഷ്, എസ്.പി. ബാലസുബ്രഹ്മണ്യം, ആർ.ഡി. ബർമൻ എന്നിവർക്ക് പ്രണാമം അർപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പത്തുദിവസംവീതം നീണ്ടുനിൽക്കുന്ന പതിനൊന്നുമേളകളാണുള്ളത്. കവി സുഗതകുമാരിക്ക് പ്രണാമം അർപ്പിച്ചുകൊണ്ടുള്ള സാംസ്കാരികമേളയാണ് ആദ്യത്തേത്. 26-ന് ഇതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും.
ചൊവ്വാഴ്ചമുതൽ 31വരെ തൈക്കാട് ഗണേശത്തിൽ കവിയരങ്ങ്, രാമായണം പ്രഭാഷണം, സംഗീതാർച്ചന, പ്രസംഗമേള, ഒഡീഷ കരകൗശലമേള എന്നിവ നടക്കും. ജനുവരി ഒന്നുമുതൽ പത്തുവരെ പ്രസംഗമേളയും ജനുവരി 21 മുതൽ 31 വരെ ചലച്ചിത്രമേളയും നടക്കും. സൂര്യ നൃത്തസംഗീതോത്സവം ഓൺലൈനായി യേശുദാസിന്റെ സംഗീതാർച്ചനയോടെ ഫെബ്രുവരി ഒന്നിന് തുടങ്ങും.
തുടർന്ന് ശോഭനയുടെ ഭരതനാട്യം. തുടർന്നുള്ള ദിവസങ്ങളിൽ സംഗീതാർച്ചനകൾ, നൃത്തനാടകം, അനുസ്മരണപരിപാടികൾ, ഭാഗവതസപ്താഹം, നൃത്തസംഗീതമേള, കർണാടകസംഗീതം, മെഗാ ഡാൻസ്‌ഷോ, മോഹിനിയാട്ടം മേള, ആത്മീയപ്രഭാഷണങ്ങൾ, ലോക്ഡൗൺ ഫിലിംഫെസ്റ്റിവൽ, വനിതാ പ്രഭാഷണപരമ്പര എന്നിവയുണ്ടാവും.
ഏപ്രിൽ ആറിന് മഞ്ജുവാരിയരുടെ കുച്ചിപ്പുഡിയോടെയാണ് സമാപനം.