ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി നേതാക്കളുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ദേശീയ സെക്രട്ടറി രാജീവ് റായി, മനോജ് യാദവ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ അടുത്ത വിശ്വസ്തർ ആളാണ് ഇരുവരും. വാരണാസിയില്‍ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ശനിയാഴ്ച രാവിലെയാണ് മൗ ജില്ലയിലുള്ള രാജീവിന്റെ വീട്ടിലെത്തിയത്. കര്‍ണാടകയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ആളാണ് രാജീവ് റായി. സമാജ്വാദി പാർട്ടി ശക്തികേന്ദ്രമായ മെയിന്‍പുരിയില്‍ അഖിലേഷ് യാദവിന്റെ അടുത്ത അനുയായിയാണ് മനോജ് യാദവ്.
നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവേ രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാൻ ബിജെപി ബോധപൂർവം ഇത്തരം നടപടി കൈക്കൊള്ളുകയാണെന്ന് സമാജ്വാദി പാർട്ടി ആരോപിച്ചു. പരിശോധനകള്‍ രാഷ്ടീയ പകപോക്കലിന് ഭാഗമായാണെന്നും ആരോപണം ഉയർന്നുകഴിഞ്ഞു.
യുപിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ആരംഭിച്ച പദ്ധതികളെക്കുറിച്ച് യാദവ് ആഞ്ഞടിച്ചിരുന്നു. യുപി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന വെല്ലുവിളിയായി അഖിലേഷ് യാദവ് ഉയർന്നിട്ടുണ്ട്.