Friday
9 January 2026
16.8 C
Kerala
HomeKeralaവിവാഹവാഗ്‌ദാനം നൽകി കോടികളുടെ തട്ടിപ്പ്; മലയാളി പിടിയിൽ

വിവാഹവാഗ്‌ദാനം നൽകി കോടികളുടെ തട്ടിപ്പ്; മലയാളി പിടിയിൽ

വിവാഹവാഗ്‌ദാനം നൽകി സ്‌ത്രീകളിൽ നിന്നും കോടികൾ തട്ടിയ മലയാളിയെ മുംബൈയിൽ നിന്ന് പിടികൂടി. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള 30ലേറെ സ്‌ത്രീകളാണ് ഇയാളുടെ ഇരകളായത്. മാട്രിമോണി സൈറ്റ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.

തലശ്ശേരി സ്വദേശിനിയായ സ്‌ത്രീയുടെ പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. പുനർവിവാഹത്തിനായി പ്രതിയായ മാഹി സ്വദേശി പ്രജിത്തിന്റെ ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് സ്‌ത്രീ പരിചയപ്പെടുന്നത്. ഇവരുമായി സൗഹൃദം സ്‌ഥാപിച്ച പ്രജിത്ത് പാരിസിൽ ഒരു ഹോട്ടൽ ഉണ്ടായിരുന്നത് വിറ്റെന്നും ഇതിലൂടെ കിട്ടിയ കോടിക്കണക്കിന് രൂപ റിസർവ് ബാങ്കിന്റെ നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണെന്നും യുവതിയെ വിശ്വസിപ്പിച്ചു. ചില വ്യാജരേഖകളും ഇതിനായി പ്രജിത്ത് ഉണ്ടാക്കിയിരുന്നു.

പിന്നീട് വിവിധ ആവശ്യങ്ങൾ പറഞ്ഞ് 17 ലക്ഷത്തോളം രൂപയാണ് പ്രജിത്ത് യുവതിയിൽ നിന്ന് തട്ടിയെടുത്തത്. പണം തിരികെ കിട്ടാതെ വന്നതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ യുവതിക്ക് മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്‌തു. അന്വേഷണത്തിൽ മുംബൈയിലുണ്ടെന്ന് മനസിലായതോടെ പോലീസ് പ്രജിത്തിനെ തന്ത്രപൂർവം വിളിച്ചുവരുത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

വിശദമായ അന്വേഷണത്തിൽ ഇതേ രീതിയിൽ നിരവധി സ്‌ത്രീകളെ ഇയാൾ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന് വ്യക്‌തമായി. രണ്ടരക്കോടിയിലേറെ രൂപയാണ് പ്രജിത്ത് തട്ടിയെടുത്തത്. പല സ്‌ത്രീകളെയും ലൈംഗികമായും ഇയാൾ ചൂഷണം ചെയ്‌തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പുനർവിവാഹം ആഗ്രഹിച്ചിരുന്ന സ്‌ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. നിലവിൽ പ്രതി പോലീസ് കസ്‌റ്റഡിയിലാണ്.

 

RELATED ARTICLES

Most Popular

Recent Comments