ചെന്നൈയിലെ ഫോക്സ്കോൺ ഫാക്ടറിയിൽ നിന്ന് ഭക്ഷണം കഴിച്ച ഒമ്പത് സ്ത്രീ തൊഴിലാളികൾ മരിച്ചു. ഫാക്ടറിയിൽ നിന്ന് തൊഴിലാളികൾക്ക് കൊടുത്ത ഭക്ഷണം കഴിച്ച ശേഷമാണ് പലർക്കും അസ്വസ്ഥത ഉണ്ടായത്. ഇതിൽപ്പെട്ട ഒമ്പതു പേരാണ് മരിച്ചത്. ഭക്ഷ്യ വിഷ ബാധയാണ് കാരണമെന്ന് തൊഴിലാളികൾ പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം കഴിച്ചതിനു പിന്നാലെ ചിലർ കുഴഞ്ഞു വീണതായും പറയുന്നു. കടുത്ത ശാരീരികക്ഷീണം അനുഭവപ്പെട്ട നിരവധിപേർ ആശുപത്രിയിൽ ആണെന്നാണ് റിപ്പോർട്ട്. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തൊഴിലാളികൾ ഒന്നടങ്കം പ്രക്ഷോഭം തുടങ്ങി.
കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രക്ഷോഭത്തിൽ അണിനിരന്നവർ ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. തൊഴിലാളികൾ ചെന്നൈ-ബാംഗ്ലൂർ ദേശീയ പാത ഉപരോധിക്കുകയാണ് ഇപ്പോഴും.