നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

0
83

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി ഉത്തരവിനെതിരെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഹരജി സമർപ്പിച്ചത്.

അതേസമയം, എറണാകുളത്തെ വിചാരണ കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. ഫെബ്രുവരി 17, 2017ന് കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച നടിയുടെ വാഹനത്തിൽ അതിക്രമിച്ച് കയറിയ സംഘം താരത്തെ ആക്രമിക്കുകയും അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്‌തു. ഇതേ തുടർന്ന് നടി പോലീസിൽ പരാതിപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18ന് തന്നെ നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനെ പോലീസ് അറസ്‌റ്റ് ചെയ്യുകയും, പൾസർ സുനി എന്ന സുനിൽ കുമാറടക്കമുള്ള 6 പേർക്കെതിരെ കേസെടുക്കുകയും ചെയ്‌തിരുന്നു.

ഫെബ്രുവരി 19ന് കേസിൽ രണ്ടുപേർകൂടി പിടിയിലായി. കൃത്യത്തിന് ശേഷം സുനിയെ രക്ഷപെടാൻ സഹായിച്ച ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് പിടിയിലായത്. ഇതേ ദിവസമാണ് സിനിമാപ്രവർത്തകർ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂട്ടായ്‌മ സംഘടിപ്പിച്ചത്.

ഫെബ്രുവരി 20ന് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നാലാമനായി തമ്മനം സ്വദേശി മണികണ്‌ഠൻ പിടിയിലായി. ഒളിവിലായിരുന്ന പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും ഫെബ്രുവരി 23നാണ് അറസ്‌റ്റ്‌ ചെയ്യുന്നത്. കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് ഇവരെ അറസ്‌റ്റ്‌ ചെയ്യാൻ പോലീസിന് സാധിച്ചത്. ജഡ്‌ജി ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് ഇവർ കീഴടങ്ങാനെത്തിയത്. ഈ സാഹചര്യം പോലീസിന് തുണയായി. അറസ്‌റ്റിലായ പൾസർ സുനി 50 ലക്ഷം രൂപയ്‌ക്ക് കൊട്ടേഷനെടുത്തതാണെന്ന് ഫെബ്രുവരി 24ന് മൊഴിനൽകി.

ഫെബ്രുവരി 25ന് തെളിവെടുപ്പിനായി എത്തിയ ആക്രമിക്കപ്പെട്ട നടി പ്രതികളെ തിരിച്ചറിഞ്ഞു. മാർച്ച് 3ന് കൂടുതൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് പ്രതികളുടെ കസ്‌റ്റഡി കാലാവധി നീട്ടിവാങ്ങി. ജൂൺ 24നാണ് കേസിലേക്ക് ദിലീപിന്റെയും സുഹൃത്ത് നാദിർഷയുടേയും രംഗപ്രവേശം. പൾസർ സുനി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച ദിലീപ്, തന്റെ മാനേജർ അപ്പുണ്ണിയും പൾസർ സുനിയും തമ്മിലുള്ള ഫോൺ സംഭാഷണവും പുറത്തുവിട്ടു.

ജൂൺ 26ന് ദിലീപിനെ ഭിഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്‌ണു അറസ്‌റ്റിലായി. അന്നുതന്നെയാണ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തൽ ദിലീപ് നടത്തിയത്. അക്രമിക്കപ്പെട്ട നടിയും പൾസർ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് ദിലീപ് പറഞ്ഞത്. ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോൾ ഓർക്കണമെന്നും ദിലീപ് പറഞ്ഞു. ഈ പ്രസ്‌താവന വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

തുടർന്ന് ജൂൺ 28ന് ദിലീപിനെയും നാദിർഷയേയും 13 മണിക്കൂർ പോലീസ് ചോദ്യം ചെയ്‌തു. അറസ്‌റ്റ്‌ ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും അതുണ്ടായില്ല. ശേഷം ജൂൺ 29ന് ഇരയേയും പ്രതിയെന്ന് ആരോപിക്കപ്പെട്ട ദിലീപിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന വിചിത്ര നിലപാടുമായി ‘അമ്മ’ സംഘടന രംഗത്തെത്തി. മാദ്ധ്യമ പ്രവർത്തകർക്കുനേരെ അമ്മ അംഗങ്ങൾ ആക്രോശിക്കുകയും ചെയ്‌തു. ഇത് സംഭവത്തിൽ സംഘടനയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

ജൂൺ 30ന് കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വസ്‌ത്രവ്യാപാര സ്‌ഥാപനത്തിൽ പോലീസ് പരിശോധന നടത്തി. ഇതിനിടെ ദിലീപിന്റെ സഹോദരൻ അനൂപ്, ധർമജൻ ബോൾഗാട്ടി തുടങ്ങി ദിലീപ് ചിത്രമായ ജോർജേട്ടൻസ് പൂരമായി ബന്ധപ്പെട്ട സിനിമാ പ്രവർത്തകരെ പോലീസ് ചോദ്യം ചെയ്‌തു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റിൽ പ്രതി പൾസർ സുനി എത്തിയിരുന്നു.

തുടർന്ന് ജൂലൈ 10നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്‌തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ദിലീപിനെ അറസ്‌റ്റ് ചെയ്‌തത്‌. ഒടുവിൽ നാല് തവണയുണ്ടായ ജാമ്യനിഷേധത്തിന് ശേഷം അഞ്ചാം തവണ ദിലീപിന് കർശന ഉപാധികളോടെ ജാമ്യം ലഭിക്കുകയായിരുന്നു.