പോത്തൻകോട് കല്ലൂരിൽ സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയത് വ്യക്‌തിവൈരാഗ്യം കാരണമെന്ന് ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ മൊഴി. തന്നെ കൊലപ്പെടുത്താൻ ആറ് ലക്ഷം രൂപയുടെ ക്വട്ടേഷൻ സുധീഷ് ഏറ്റെടുത്തിരുന്നുവെന്നും പക്ഷേ സാധിക്കാതെ വന്നതോടെ തന്റെ കുടുംബാംഗങ്ങളെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പ്രതി സുധീഷ് പറയുന്നു. അമ്മയ്‌ക്ക് നേരെ ബോംബ് എറിയുകയും സഹോദരനെ ആക്രമിക്കുകയും ചെയ്‌തു. ഇതോടെയാണ് സുധീഷിനെ ആക്രമിക്കാൻ ശ്രമിച്ചതെന്നും പ്രതി വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം പ്രതികളായ സുധീഷ് ഉണ്ണിയേയും ശ്യാമിനെയും തെളിവെടുപ്പിന് എത്തിച്ചിരുന്നു.
ഒളിവിൽ കഴിയുകയായിരുന്ന സുധീഷിന്റെ കാല് വെട്ടിയെടുക്കാനാണ് പദ്ധതിയിട്ടതെന്നും കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. ആക്രമിക്കാൻ ഉപയോഗിച്ച മഴു പോലീസ് ചിറയൻകീഴ് ശാസ്‌താക്ഷേത്ര മൈതാനത്ത് നിന്നാണ് കണ്ടെടുത്തത്. വെട്ടിയെടുത്ത കാല് ഉപേക്ഷിച്ച സ്‌ഥലത്തും പോലീസ് പ്രതികളെ എത്തിച്ച് തെളിവെടുത്തു. ഒന്നാം പ്രതിയായ സുധീഷ് ഉണ്ണിയാണ് കാല് വലിച്ചെറിഞ്ഞത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ പോത്തൻകോട് എസ്‌എച്ച്‌ഒ കെ ശ്യാം, എസ്‌ഐ വിനോദ് വിക്രമാദിത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയത്. ശാസ്‌തവട്ടത്ത് നിന്ന് ഒരു മഴുവും വെട്ടുകത്തിയും കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന വീട്ടിൽ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയില്ല. കാല് വലിച്ചെറിഞ്ഞ സ്‌ഥലം പ്രതികൾ തന്നെയാണ് പോലീസിന് കാട്ടിക്കൊടുത്തത്.
അതേസമയം, കേസിലെ രണ്ടാംപ്രതി ഒട്ടകം രാജേഷ് ഇപ്പോഴും ഒളിവിൽ തന്നെയാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 11 അംഗ സംഘത്തിലെ പത്ത് പേരും പിടിയിലായിട്ടുണ്ട്. ഒട്ടകം രാജേഷിനെ കൂടി പിടികൂടിയാൽ മാത്രമേ സംഭവത്തെ കുറിച്ചുള്ള പൂർണ ചിത്രം വ്യക്‌തമാവുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു. സുധീഷ് ഉണ്ണിയും ശ്യാംകുമാറും ഒട്ടകം രാജേഷും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്. കൂട്ടുപ്രതികളെയും ഒട്ടകം രാജേഷ് തന്നെയാണ് സംഘടിപ്പിച്ചത്.
ആക്രമണത്തിന് മുൻപ് ശാസ്‌തവട്ടത്തുള്ള കേന്ദ്രത്തിൽ ഒത്തുകൂടിയ സംഘം മദ്യപിച്ച ശേഷമാണ് കല്ലൂരിലേക്ക് എത്തിയത്. ആക്രമണശേഷം ആയുധങ്ങളുമായി ശാസ്‌തവട്ടത്ത് മടങ്ങിയെത്തി. തുടർന്ന് പലവഴിക്കായി പിരിയുകയായിരുന്നു. പിന്നീട് ഒട്ടകം രാജേഷ് പ്രതികളിൽ ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഇതാണ് ഇയാളെ കണ്ടെത്താൻ പോലീസിന് തടസമാകുന്നത്.