വനം കുറ്റകൃത്യങ്ങൾ: സ്റ്റേഷൻ ഓഫീസർമാർ കൂടുതൽ ജാഗ്രത പുലർത്തണം- മുഖ്യ വനം മേധാവി

0
54

വനം കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ സ്റ്റേഷൻ ഓഫീസർമാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യ വനം മേധാവി പി കെ കേശവൻ. കേസന്വേഷണം സമയബന്ധിതവും കാര്യക്ഷമവുമായി പൂർത്തിയാക്കി കോടതിയിലെത്തിക്കുന്നതിന് സ്റ്റേഷൻ ചുമതലയുള്ള ഓഫീസർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചു.

കാലികവും സാങ്കേതികവുമായ മാറ്റങ്ങൾ ഉൾക്കൊള്ളാനും സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി പ്രവർത്തന മേഖല കാര്യക്ഷമമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് -കോൺവൊക്കേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യ വനം മേധാവി.

അരിപ്പ വനം പരിശീലനകേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയ വിവിധ വനം സർക്കിളുകളിലുള്ള 25 ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. പരിശീലനത്തിൽ ഒന്നാമതെത്തിയ പെരിയാർ ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ ആഷിഖിനുള്ള സർട്ടിഫിക്കറ്റും മൊമെന്റോയും പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും പി കെ കേശവൻ വിതരണം ചെയ്തു.

പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നോയൽ തോമസ് അധ്യക്ഷനായി. പിസിസിഎഫ് ഡി ജയപ്രസാദ് , ഐഎച്ച്ആർഡി കൺസർവേറ്റർ എം നീതു ലക്ഷ്മി, അരിപ്പ വനപരിശീലനകേന്ദ്രം ഡോണി ജി വർഗീസ്, ഡിസിഎഫ് എസ് സൺ, എസിഎഫ് ബി സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.