കണ്ണൂര്‍ സർവകലാശാല വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ മാധ്യമ ഇടപെടലിനെതിരെ ഹൈക്കോടതി. വിസിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മാധ്യമങ്ങള്‍ അഭിപ്രായപ്രകടനം നടത്തുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് അമിത് റാവല്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ കത്തിനു കേസില്‍ പ്രസക്തിയില്ലന്ന് ജസ്റ്റിസ് അമിത് റാവല്‍ വ്യക്തമാക്കി. നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ വിധി പറയാന്‍ മാറ്റിയിരുന്നു. ഗവര്‍ണര്‍ സര്‍ക്കാരിന് അയച്ച കത്ത് ഹാജരാക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജി ഭാഗം തിങ്കളാഴ്ച കോടതിയില്‍ പ്രത്യേക അനുവാദം ചോദിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കോടതിക്കു ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി നേരത്തെ വിധി പറയാന്‍ മാറ്റിയത്.