തിരുവനന്തപുരത്ത് ജമാഅത്തെ ഇസ്ലാമി പിന്തുണയിൽ കോൺഗ്രസിന് പ്രസിഡന്റ്‌ സ്ഥാനം

0
102

മതരാഷ്‌ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടി പിന്തുണയിൽ തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിൽ കോൺഗ്രസിന് പ്രസിഡന്റ്‌ സ്ഥാനം. 19 അംഗ ഭരണസമിതിയിൽ എൽഡിഎഫ് 8, കോൺഗ്രസ് 7, എസ്ഡിപിഐ 2, വെൽഫെയർ പാർടി- 2 എന്നിങ്ങനെയാണ് കക്ഷി നില.

ബുധനാഴ്ച നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ദിലീപ് കുമാറിന്‌ എട്ട്‌- വോട്ടാണ് ലഭിച്ചത്. കോൺഗ്രസിലെ എം എം ഷാഫിക്ക് വെൽഫെയർ പാർടിയുടെ പിന്തുണയോടെ ഒമ്പതു വോട്ട്‌ കിട്ടി. എസ്ഡിപിഐ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തുതന്നെ കോൺഗ്രസിന്റെ ഈ അവിശുദ്ധ കൂട്ടുകെട്ട്‌ മറനീക്കി പുറത്തുവന്നതാണ്‌. സ്റ്റാൻഡിങ്‌‌ ‌ കമ്മിറ്റി തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ്–-വെൽഫെയർ പാർടി–- – എസ്ഡിപിഐ സഖ്യമുണ്ടായിരുന്നു.

ഡിസംബറിൽ നടന്ന പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുകളിൽ എസ്ഡിപിഐ, എൽഡിഎഫിന്റെ ‌ പ്രസിഡന്റ്‌ സ്ഥാനാർഥിക്ക്‌ വോട്ട്‌ ചെയ്‌തിരുന്നു. വർഗീയ കക്ഷിയായ എസ്ഡിപിഐ പിന്തുണയിൽ ഭരിക്കേണ്ടെന്ന തീരുമാനത്തെ തുടർന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു. അന്ന് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർടി കോൺഗ്രസിന് വോട്ട് ചെയ്‌തു. പകരം വൈസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർടി സ്ഥാനാർഥിക്ക് കോൺഗ്രസും വോട്ട് ചെയ്തിരുന്നു.