റോഡില്‍ അതിവേഗക്കാര്‍ കൂടി, നവംബറില്‍ മാത്രം പിഴ 3.37 കോടി; പിഴയടച്ചില്ലെങ്കില്‍ ബ്ലാക്ക് ലിസ്റ്റിൽ

0
27

റോഡിലെ അമിതവേഗക്കാരിൽനിന്ന് മോട്ടോർവാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എൻഫോഴ്സ്മെന്റ് ക്യാമറാസംവിധാനം നവംബറിൽ വസൂലാക്കിയത് 3.37 കോടി രൂപ. കേരളത്തിൽ 80 ആർടി ഓഫീസ് പരിധിയിൽ നിയമലംഘനത്തിന് ഈടാക്കിയ പിഴത്തുകയാണിത്. ഒക്ടോബറിൽ 2.92 കോടി രൂപയും സെപ്റ്റംബറിൽ 2.27 കോടി രൂപയുമാണ് അതിവേഗക്കാരിൽനിന്ന് ശേഖരിച്ച പിഴ.

നേരത്തേ 400 രൂപയുണ്ടായിരുന്ന പിഴ 1500 രൂപയാക്കിയതാണ് തുക കൂടാൻ കാരണം. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനുള്ളിൽ പിഴയടയ്ക്കണം. കണ്ണൂർ ജില്ലയിൽ നവംബറിൽ 5.91 ലക്ഷം രൂപ പിഴയിനത്തിൽ ശേഖരിച്ചു. ഒക്ടോബറിൽ 5.50 ലക്ഷവും സെപ്റ്റംബറിൽ 3.87 ലക്ഷവും നേടി. കാസർകോട് പരിധിയിൽ നവംബറിൽ 9.83 ലക്ഷം രൂപയും ഒക്ടോബറിൽ 6.75 ലക്ഷവും സെപ്റ്റംബറിൽ 4.37 ലക്ഷവും വരുമാനമുണ്ട്. കാഞ്ഞങ്ങാട് നവംബറിൽ ഈടാക്കിയത് 9.93 ലക്ഷം രൂപയാണ്. ഒക്ടോബറിൽ 7.70 ലക്ഷവും സെപ്റ്റംബറിൽ 4.89 ലക്ഷം രൂപയും സ്വരൂപിച്ചു.

പിഴയടച്ചില്ലെങ്കിൽ ബ്ലാക്ക് ലിസ്റ്റിൽ

ദേശീയപാതകളിലെ ക്യാമറ വാഹൻ സൈറ്റുമായി ലിങ്ക് ചെയ്യുന്ന നടപടി കേന്ദ്രസർക്കാർ പൂർത്തീകരിക്കുമ്പോൾ തിരിച്ചടിയാകുന്നത് അമിതവേഗക്കാർക്ക്. പിഴ 15 ദിവസത്തിനുള്ളിൽ കൃത്യമായി അടച്ചില്ലെങ്കിൽ വണ്ടി ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടും. അതിർത്തി കടക്കാൻ ടാക്സ്, പെർമിറ്റ് എടുക്കുമ്പോഴായിരിക്കും ക്യാമറപ്പിഴ അടയ്ക്കാതെ ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വിവരം അറിയുന്നത്. ഇത് തുടർയാത്രയെ ബാധിക്കും.

വാഹനവുമായി ബന്ധപ്പെട്ട് ആർ.ടി.ഒ. ഓഫീസിലെ എല്ലാ കാര്യങ്ങളും ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടും. 2019 ഡിസംബർ മുതൽ വാഹൻ സോഫ്റ്റ്വെയർ കേരളത്തിൽ നിലവിൽ വന്നു. എന്നാൽ, ദേശീയപാതകളിലെ ക്യാമറയും വാഹൻ സോഫ്റ്റ്വെയറും ലിങ്ക് ചെയ്തിരുന്നില്ല. അതിനാൽ, പിഴയടയ്ക്കാത്ത വണ്ടികൾ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാറില്ല. ആർ.ടി.ഒ. ഓഫീസിൽ സേവനത്തിനുവരുമ്പോൾ പിഴയടപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

ക്യാമറയുണ്ട്, ബോർഡില്ല

വേഗനിയന്ത്രണ അറിയിപ്പ് ബോർഡുകൾ പ്രധാന പാതകളിൽ സ്ഥാപിക്കണമെന്ന ആവശ്യം കോടതിവരെ എത്തിയിരുന്നു. ക്യാമറ പിടിക്കുന്ന വേഗപരിധി പലതാണ്. ദേശീയപാതയിൽ കാറുകൾക്ക് 85 കിലോമീറ്ററും സംസ്ഥാനപാതകളിൽ ഇത് 80-ഉം ആണ്. ഇരുചക്രവാഹനങ്ങൾക്ക് യഥാക്രമം 60 കി.മീ., 50 കി.മീ. ആണ്.

സ്കൂളുകളുണ്ടെങ്കിൽ ആ പരിധിയിൽ ഏതു വാഹനത്തിനും 30 കിലോമീറ്ററിൽ കൂടുതൽ വേഗം പാടില്ല. പല പാതകളിലും വേഗപരിധി അറിയാതെ ഓടിക്കുന്നവർ ക്യാമറയിൽ കുടുങ്ങി പിഴ നൽകേണ്ടി വരുന്നു. സിഗ്നൽസ്ഥലങ്ങളിൽ റെഡ് ലൈറ്റ് ജമ്പിങ്ങിന് (ചുവപ്പ് കണ്ടിട്ടും വണ്ടി മുന്നോട്ടെടുത്താൽ) 1000 രൂപയുണ്ടായിരുന്ന പിഴ 2000 രൂപയാക്കി.