നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാഗാലാന്‍ഡ് പൊലീസ് കേസെടുത്തു. 21 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് ഓഫ് ആര്‍മി ഉദ്യോഗസ്ഥരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. വെടിയുതിര്‍ത്തത് യാതൊരു പ്രകോപനവുമില്ലാതെയാണെന്ന് പൊലീസിന്റെ എഫ് ഐ ആറിൽ പറയുന്നു. കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് വെടിയുതിര്‍ത്തതെന്നും എഫ്‌ഐആറില്‍ പറയുന്നു.
സായുധസംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു എന്നാണ് സൈന്യം പറയുന്നത്. എന്നാല്‍, സൈനികര്‍ പോലിസിന്റെ സഹായം ചോദിച്ചിരുന്നില്ലെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മോണ്‍ ജില്ലയില്‍ ശനിയാഴ്ച വൈകിട്ട് 3.30നാണ് ഗ്രാമീണരെ വെടിവെച്ചുകൊന്നത്. ഒട്ടിങ് ഗ്രാമത്തിലുള്ളവര്‍ കല്‍ക്കരി ഖനിയിലെ ജോലി കഴിഞ്ഞ് പിക്ക് അപ്പ് വാനില്‍ മടങ്ങിവരികയായിരുന്നു. ലോങ്കാവോയിലെത്തിയപ്പോഴാണ് സൈനികര്‍ വാഹനത്തിന് നേരെ വെടിവച്ചത്.
തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു ജവാനും കൊല്ലപ്പെട്ടു. മോണ്‍ ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേരരുതെന്നാണ് നിര്‍ദേശം. അതേസമയം, വെടിയേറ്റ് പരിക്കേറ്റിരുന്ന ഒരാള്‍കൂടി ഇന്ന് മരിച്ചു. ഇതോടെ കൊല്ലപ്പെട്ട ഗ്രാമീണരുടെ എണ്ണം 14 ആയി.