സിപിഐഎം നേതാവ് പിബി സന്ദീപ് കുമാറിനെ കുത്തിക്കൊന്ന കേസിൽ മൂന്ന് പേരെ പോലീസ് പിടികൂടി. തിരുവല്ല സ്വദേശികളായ ജിഷ്‌ണു, പ്രമോദ്, നന്ദു, മുഹമ്മദ് ഫൈസൽ എന്നിവരാണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകനണ് ജിഷ്ണു. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ജിഷ്‌ണു ജയിലിൽ കിടന്നപ്പോൾ പരിചയപ്പെട്ടയാളാണ് ഫൈസി എന്ന മുഹമ്മദ് ഫൈസൽ ഇയാൾ കണ്ണൂർ സ്വദേശിയാണ്. കഴിഞ്ഞ ദിവസമാണ് പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിനെ ബൈക്കിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്. രാത്രി എട്ട് മണിയോടെ മേപ്രാലിൽ വെച്ചായിരുന്നു സംഭവം.
മാരകമായി മുറിവേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ദീപിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. അതേസമയം, സന്ദീപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ ഇന്ന് സിപിഎം ഹർത്താൽ ആചരിക്കുകയാണ്. നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളിലും രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
27 വർഷത്തിന് ശേഷം പെരിങ്ങര പഞ്ചായത്ത് ഭരണം എൽഡിഎഫ് തിരിച്ചുപിടിച്ചതിൽ സന്ദീപിന്റെ പങ്ക് നിർണായകമായിരുന്നു. പ്രദേശത്ത് നിരവധി ബിജെപി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം ചേർന്നിരുന്നു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ കണാപറമ്പിൽ ജിഷ്‌ണു അടക്കമുള്ള അഞ്ചംഗ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്‌ച രാവിലെ പോസ്റ്റ്മോർട്ടം നടത്തും. ചാത്തങ്കേരി പുത്തൻപറമ്പിൽ ബാലന്റെ മകനാണ്. ഭാര്യ സുനിത. അമ്മ ഓമന. മക്കൾ: നിഹാൽ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെൺകുട്ടിയുണ്ട്.