കാരവന്‍ കേരള: ടൂറിസ്റ്റ് കാരവനുകള്‍ക്കും പാര്‍ക്കുകള്‍ക്കും വായ്പയുമായി കെഎസ്ഐഡിസി

0
38

തിരുവനന്തപുരം: പങ്കാളിത്ത സൗഹൃദ ടൂറിസം പദ്ധതി ‘കാരവന്‍ കേരള’ക്ക് കരുത്തേകാന്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ടൂറിസ്റ്റ് കാരവനുകള്‍ വാങ്ങുന്നതിനും കാരവന്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനും അഞ്ചുകോടി രൂപ വരെ വായ്പ നല്‍കുന്നു.

ഒരു കാരവന് ഒരു കോടി രൂപ എന്ന നിരക്കിലോ, ചെലവിന്‍റെ 70 ശതമാനമോ അഞ്ച് കാരവനുകള്‍ വരെ വാങ്ങുന്നതിന് ഒരു സംരംഭത്തിന് വായ്പ ലഭിക്കും. ഓരോ വാഹനത്തിനും അന്‍പത് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് പരിധി. പുതിയ വാഹനങ്ങള്‍ക്ക് മാത്രമാണ് വായ്പ ലഭിക്കുക. 8.75 ശതമാനമാണ് പലിശ. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് 0.5 ശതമാനം ഇളവുണ്ട്. ഒരു വര്‍ഷത്തെ മൊറോട്ടോറിയം കാലാവധിക്കുശേഷം 84 മാസങ്ങള്‍ക്കുള്ളില്‍ തുക തിരിച്ചടക്കണം.

നിലവിലെ റിസോര്‍ട്ടുകള്‍, റിസോര്‍ട്ട് ഗ്രൂപ്പുകള്‍ (സ്ഥാപനങ്ങള്‍, എല്‍എല്‍പി, ലിമിറ്റഡ് കമ്പനികള്‍) എന്നിവയ്ക്കും വാഹന ഉടമസ്ഥര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, തിരികെ എത്തിയ പ്രവാസികള്‍ എന്നിവര്‍ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ട്.

ഈ വര്‍ഷം സെപ്റ്റംബറിലാണ് ടൂറിസം മന്ത്രി ശ്രീ പിഎ മുഹമ്മദ് റിയാസ് കാരവന്‍ ടൂറിസം നയം പ്രഖ്യാപിച്ചത്. കഴിഞ്ഞമാസം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചതു മുതല്‍ മേഖലയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സംസ്ഥാന ടൂറിസത്തെ പുനര്‍നിര്‍വ്വചിക്കുന്ന ദൗത്യമായി കാരവന്‍ കേരള മാറുമെന്ന് കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എംജി രാജമാണിക്യം ഐഎഎസ് പറഞ്ഞു. പ്രഖ്യാപിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഇതിന് ലഭിക്കുന്ന പ്രതികരണം വിലപ്പെട്ടതാണ്. സര്‍ക്കാരിന്‍റെ വ്യവസായ നിക്ഷേപ പ്രവര്‍ത്തനങ്ങളുടെ പ്രോത്സാഹനത്തിന് ചുമതലപ്പെട്ട സ്ഥാപനം എന്ന നിലയില്‍ സംരംഭകര്‍ക്കുള്ള മികച്ച നിക്ഷേപക അവസരമായാണ് കെഎസ്ഐഡിസി പദ്ധതിയെ കാണുന്നതെന്നും മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

താമസിയാതെ യാഥാര്‍ത്ഥ്യമാകുന്ന കാരവന്‍ കേരളയ്ക്ക് കെഎസ്ഐഡിസി വായ്പാ പദ്ധതി കൂടുതല്‍ കരുത്തേകുമെന്ന് ടൂറിസം ഡയറക്ടര്‍ വി ആര്‍ കൃഷ്ണതേജ ഐഎഎസ് പറഞ്ഞു. കേരളത്തിലെ കൊവിഡാനന്തര ടൂറിസത്തിന്‍റെ പുനരുജ്ജീവനത്തില്‍ നിര്‍ണായകമാകുന്ന നൂതന പദ്ധതിയുടെ വിജയത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും സംയോജിതമായി പ്രവര്‍ത്തിക്കുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ആകര്‍ഷകമായ ഇന്‍സെന്‍റീവുകള്‍ ഈ നയം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് മികച്ച നവ്യാനുഭവം പ്രദാനം ചെയ്യുന്ന കാരവന്‍ കേരളയുടെ സുപ്രധാന ഘടകങ്ങളായ കാരവന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും കൃത്യമായ മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.

പദ്ധതിയനുസരിച്ച് ആദ്യ 100 കാരവനുകള്‍ക്ക് ഏഴരലക്ഷം രൂപ വീതമോ / ആകെ ചെലവിന്‍റെ 15 ശതമാനമോ ധനസഹായമായി ലഭിക്കും. അടുത്ത നൂറ് വാഹനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതമോ /ചെലവിന്‍റെ പത്തുശതമാനമോ ലഭിക്കും. 201 മുതല്‍ 300 വരെയുള്ള കാരവനുകള്‍ക്ക് രണ്ടര ലക്ഷം രൂപ വീതമോ/ ചെലവിന്‍റെ അഞ്ചുശതമാനമോ ലഭിക്കും. ഒരു വ്യക്തിക്ക് / സ്ഥാപനത്തിന് /ഗ്രൂപ്പിന് പരമാവധി അഞ്ച് കാരവനുകള്‍ വാങ്ങുന്നതിന് ധനസഹായം ലഭിക്കും. മൂന്നുവര്‍ഷത്തേക്കു മാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ.

ചുരുങ്ങിയ സമയത്തിനുള്ളില്‍ യാത്രാ-ആതിഥേയ മേഖലകളില്‍ നിന്നുള്‍പ്പെടെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സേവന ദാതാക്കള്‍ എന്നിവരില്‍ നിന്നും പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

വായ്പാ പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ https://www.ksidc.org/projectfinancing/caravan-caravan-parks/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0471 2318922/0484 2323010 നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.