ഗോവ സർക്കാരിലെ കാബിനറ്റ് മന്ത്രിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് കോൺഗ്രസ്. ഓഫിസ് ദുരുപയോഗം ചെയ്‌ത് മന്ത്രി ഒരു യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തതായി ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഗിരീഷ് ചോദൻകർ പറഞ്ഞു. അതേസമയം മന്ത്രിയുടെ പേര് വെളിപ്പെടുത്താൻ ഗിരീഷ് ചോദൻകർ തയാറായില്ല.
20 ദിവസം മുമ്പ് ഉത്തരവാദപ്പെട്ട രണ്ടുപേർ തന്നെ കാണാനെത്തി എന്നും മന്ത്രി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തതിന്റെ വീഡിയോ, ഓഡിയോ തെളിവുകളും ചാറ്റുകളും തങ്ങൾക്ക് കൈമാറിയിരുന്നു എന്നും ഗിരീഷ് പറഞ്ഞു. മന്ത്രിക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന് 15 ദിവസം നൽകിയിട്ടുണ്ട്. അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും നടപടിയെടുക്കണമെന്നും ഗിരീഷ് വ്യക്‌തമാക്കി.
തെളിവുകൾ മുഖ്യമന്ത്രിയെ കാണിച്ചെങ്കിലും അദ്ദേഹം മന്ത്രിയെ സംരക്ഷിക്കാനും തെളിവുകൾ നശിപ്പിക്കാനുമാണ് ശ്രമിച്ചതെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് ഗോവ ബിജെപി അധ്യക്ഷൻ സദാനന്ദ തനവാഡെ പ്രതികരിച്ചു. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് ഗോവ ഭരിക്കുന്നത്.