എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

0
67

എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു. അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അപേക്ഷ തള്ളി. അംഗങ്ങള്‍ക്ക് ഖേദമില്ലെന്നാണ് വെങ്കയ്യ നായിഡുവിന്റെ കുറ്റപ്പെടുത്തൽ. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

12 പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കിയത് ജനാധിപത്യ വിരുദ്ധവും സഭാചട്ടങ്ങള്‍ക്ക് എതിരാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. എംപിയുടെ പേരുവിളിച്ച് സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുൻപ് ആ അംഗത്തിന് പറയാനുള്ളതെന്താണെന്ന് അധ്യക്ഷന്‍ ചോദിക്കണം. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പ്രമേയം അവതരിപ്പിക്കേണ്ടത്. അച്ചടക്കലംഘനം നടന്ന ദിവസം തന്നെ ഇത് ചെയ്യണം. എന്നാല്‍, തിങ്കളാഴ്‌ച ഇത്തരത്തിൽ ഒരാളുടെ പേരുപോലും ചെയര്‍മാന്‍ പരാമര്‍ശിച്ചില്ല എന്ന് ഖാര്‍ഗെ പറഞ്ഞു.

ബുള്ളറ്റിനില്‍ എല്ലാവരുടെയും പേരുകളുണ്ടെന്ന് പ്രതികരിച്ച നായിഡു സഭ അലേങ്കാലമാക്കിയ ശേഷം തന്നെ പാഠം പഠിപ്പിക്കുകയാണെന്ന് പറഞ്ഞു. കഴിഞ്ഞ സഭാ സമ്മേളനത്തില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുള്ള 12 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നൽകിയത്. സഭയുടെ അന്തസ് ഇല്ലാതാക്കുന്ന രീതിയില്‍ പെരുമാറി എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് നടപടി നിലവിലുണ്ടാവുക. കോണ്‍ഗ്രസ് എംപിമാരായ ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുണ്‍ ബോറ, രാജമണി പട്ടേല്‍, സയ്യിദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട മറ്റ് എംപിമാര്‍.