Saturday
10 January 2026
31.8 C
Kerala
HomeKeralaതിരുവനന്തപുരത്ത് ആൾക്കൂട്ട മർദ്ദനത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ കടയിൽ കയറി കുത്തി

തിരുവനന്തപുരത്ത് ആൾക്കൂട്ട മർദ്ദനത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ കടയിൽ കയറി കുത്തി

തുരുവനന്തപുരം നെടുമങ്ങാട്ട് ആൾക്കൂട്ട മർദ്ദനത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ കടയിൽ കയറി കുത്തി പരുക്കേല്പിച്ചു. വെള്ളനാട് കൂവക്കുടി സ്വദേശി അരുണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. ആനാട് സ്വദേശി സൂനജിനെ സംഘം ചേർന്ന് അക്രമിച്ച കേസിലെ പ്രതികളെപ്പറ്റി പൊലീസിനു വിവരം നൽകിയതാണ് പ്രകോപനത്തിനു കാരണം.

രണ്ട് വർഷത്തിനു മുൻപുണ്ടായ ഒരു വ്യക്തിവൈരാഗ്യം കാരണമാണ് സൂനജിനെ ഒരു സംഘം ആളുകൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്. സൂനജ് പൊലീസിനോട് വിവരങ്ങൾ പറഞ്ഞെങ്കിലും പരാതി നൽകാത്തതിനാൽ കേസെടുത്തില്ല. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്കു ശേഷം കേസുമായി ബന്ധപ്പെട്ട് സാക്ഷി ആയിരുന്ന നെടുമങ്ങാട് പൂക്കട നടത്തുന്ന അരുണിനെ പൊലീസ് വിളിച്ച് വരുത്തി കാര്യങ്ങൾ അന്വേഷിച്ചു. ഇതിനു പിന്നാലെ സംഘം അരുണിനെ കടയിലെത്തി ഭീഷണിപ്പെടുത്തുകയും കുത്തുകയുമായിരുന്നു. അരുണിൻ്റെ തോളിലാണ് കുത്തേറ്റത്. കത്തി ഒടിഞ്ഞ് തോളിൽ തറച്ച നിലയിലാണ് ഇയാളെ രാത്രി മെഡിക്കൽ കോളജിൽ എത്തിച്ചത്. കത്തി നീക്കം ചെയ്തു. നിലവിൽ അരുണിൻ്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

നെടുമങ്ങാട് സ്വദേശി ഹാജയും ഹാജയുടെ സഹോദരനും മറ്റൊരാളും ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന് അരുൺ പറഞ്ഞു. പൊലീസിനു വിവരം നൽകുമോ എന്ന് ചോദിച്ചായിരുന്നു ആക്രമണം. സൂനജിനെ ആക്രമിച്ച കേസിൽ ഇവർ ഒളിവിലായിരുന്നു. അരുണിനെ കുത്തിയ കേസിൽ പൊലീസ് കേസെടുത്തു.

RELATED ARTICLES

Most Popular

Recent Comments