കാനഡയിലും ഒമിക്രോണ്‍ വകഭേദം; രണ്ട് കേസുകള്‍ സ്ഥിരീകരിച്ചു

0
105

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ രണ്ട് കേസുകള്‍ കാനഡയില്‍ സ്ഥിരീകരിച്ചതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്തിടെ നൈജീരിയയില്‍ പോയിവന്ന രണ്ട് പേരിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഒന്റാറിയോ സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

‘ഇന്ന്, ഒന്റാറിയോ പ്രവിശ്യയായ ഒട്ടാവയില്‍ കൊവിഡ്19 ന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ രണ്ട് കേസുകള്‍ സ്ഥിരീകരിച്ചു, ഇവ രണ്ടും നൈജീരിയയില്‍ നിന്ന് അടുത്തിടെ യാത്ര ചെയ്തുവന്ന വ്യക്തികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ്. രോഗികളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു,’ പ്രസ്താവനയില്‍ പറയുന്നു. സാമ്പത്തിക വ്യവസ്ഥ വീണ്ടും പഴയ നിലയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത് കൂടുതല്‍ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.

ഒമിക്രോണിനെ വാക്‌സിനേഷനുകള്‍ക്ക് പോലും പ്രതിരോധിക്കുവാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തതും അന്താരഷ്ട്രതലത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് മൂലം ലോകത്തെ വിവിധ ഭരണകൂടങ്ങള്‍ യാത്രയിലും അന്താരാഷ്ട്രവിപണിയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ കൂടുതല്‍ പകരുമോ, അല്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ രോഗത്തിന് കാരണമാകുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.