Saturday
10 January 2026
31.8 C
Kerala
HomeKeralaപറമ്പിലൂടെ വഴി വെട്ടുന്നത് തടഞ്ഞു; വീട്ടമ്മയ്ക്ക് നേരെ ആക്രമണം

പറമ്പിലൂടെ വഴി വെട്ടുന്നത് തടഞ്ഞു; വീട്ടമ്മയ്ക്ക് നേരെ ആക്രമണം

കോഴിക്കോട് കൊളാവിയിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ലിഷയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പയ്യോളി പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തന്റെ അനുമതിയില്ലാതെ പറമ്പിലൂടെ റോഡ് വെട്ടാൻ ചിലർ ശ്രമിക്കുന്നത് കണ്ട ലിഷ പണി തടസപ്പെടുത്തി. റോഡ് നിര്‍മാണത്തിനായി ലോറിയില്‍ കൊണ്ടുവന്ന മണ്ണ് പുരയിടത്തിലിറക്കാന്‍ ശ്രമിച്ച സംഘത്തെയും തടഞ്ഞു. ലിഷയും അമ്മയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. വാക്കുതർക്കത്തിനിടെ മണ്‍വെട്ടിയുപയോഗിച്ച് സംഘം അക്രമിക്കുകയായിരുന്നുവെന്നാണ് ലിഷ പറയുന്നത്.

ലിഷയുടെ പുരയിടത്തിനു സമീപത്തൂടെ റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും തര്‍ക്കമുണ്ടായിരുന്നു. ഇരു ചക്ര വാഹനം പുഴയില്‍ തള്ളിയതുള്‍പ്പെടെയുള്ള പരാതി ലിഷ നേരത്തെ പൊലീസില്‍ നല്‍കിയിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ലിഷയെ അക്രമിച്ച സംഭവത്തില്‍ പങ്കില്ലെന്ന് റോഡ് നിര്‍മാണ കമ്മറ്റി അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments