Friday
19 December 2025
19.8 C
Kerala
HomeKeralaതടി കൂടിയതിന് പരിഹാസം, ഭർതൃവീട്ടിൽ മാനസിക പീഡനം; 19കാരിയുടെ മരണത്തിൽ ദുരൂഹത

തടി കൂടിയതിന് പരിഹാസം, ഭർതൃവീട്ടിൽ മാനസിക പീഡനം; 19കാരിയുടെ മരണത്തിൽ ദുരൂഹത

പത്തിരിപ്പാല മങ്കര മാങ്കുറിശിയിൽ പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ധോണി ഉമ്മിണി പുത്തൻവീട്ടിൽ അബ്‌ദുൾ റഹ്‌മാന്റെ മകൾ നഫ്‌ല (19)യുടെ മരണത്തിലാണ് പരാതി ഉയർന്നിരിക്കുന്നത്. ഭർതൃവീട്ടിൽ പെൺകുട്ടി കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നതായി നഫ്‌ലയുടെ കുടുംബം പറയുന്നു. ഭർതൃമാതാവും ഭർതൃ സഹോദരിയും നഫ്‌ലയെ നിരന്തരം പരിഹസിച്ചിരുന്നുവെന്നും സഹോദരൻ നഫ്‌സൽ പറഞ്ഞു.

മാങ്കുറിശ്ശി കക്കോട് അത്താണിപ്പറമ്പ് മുജീബാണ് നഫ്‌ലയുടെ ഭർത്താവ്. പാലക്കാട്ടെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ നഫ്‌ലയും മുജീബും തമ്മിലുള്ള വിവാഹം പത്ത് മാസം മുൻപാണ് കഴിഞ്ഞത്. വ്യാഴാഴ്‌ച രാത്രി നഫ്‌ലയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന സമയം മുജീബ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. രാത്രി വീട്ടിൽ തിരിച്ചെത്തിയ മുജീബ് തട്ടി വിളിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് നഫ്‌ലയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് മുജീബിന്റെ പ്രാഥമിക മൊഴി.

എന്നാൽ, വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്തതിനാൽ നഫ്‌ല ക്രൂരമായ മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരൻ നഫ്‌സൽ ആരോപിച്ചു. ‘ഈ വർഷം ജനുവരി 21നായിരുന്നു വിവാഹം. പത്ത് മാസമായിട്ടും ഗർഭം ധരിക്കാത്തതിനെ ചൊല്ലി ഭർതൃമാതാവും സഹോദരിയും നഫ്‌ലയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. ഗർഭധാരണത്തിന് ഡോക്‌ടറെ കണ്ട് ചികിൽസ വരെ തേടിയിരുന്നു. അൽപം തടിച്ച ശരീരപ്രകൃതമായതിനാൽ ഭർതൃവീട്ടിൽ നിന്ന് നിരന്തരം പരിഹാസവും നേരിട്ടിരുന്നു’; നഫ്‌സൽ പറയുന്നു.

ഇത്രയും തടിയുള്ള ഞാൻ ഇവിടെ ജീവിച്ചിരുന്നിട്ട് കാര്യമില്ല, എല്ലാവർക്കും ഞാനൊരു ഭാരമാണ്. എന്റെ ഇക്കയ്‌ക്ക് ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിയുന്നില്ല, ഇതായിരുന്നു നഫ്‌ല അവസാനമായി ഡയറിയിൽ കുറിച്ചിരുന്നത്. ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും മാനസിക പീഡനത്തെ കുറിച്ച് ഡയറിയിൽ എഴുതിയിട്ടുണ്ട്. മരണത്തിന് ആരും കാരണക്കാരല്ലെന്നും താൻ മാത്രമാണ് കാരണക്കാരിയെന്നും ഡയറിയിൽ എഴുതിയിരുന്നു. ഈ ഡയറി ഇപ്പോൾ പോലീസിന്റെ കൈവശമാണെന്നും നഫ്‌സൽ പറഞ്ഞു.

നഫ്‌ലയുടെ മരണത്തിലും സഹോദരൻ സംശയം പ്രകടിപ്പിച്ചു. ജനലിൽ തൂങ്ങിമരിച്ചെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്. എന്നാൽ, ജനലിനോട് ചേർന്ന് ഒരു കട്ടിലും മേശയുമുണ്ട്. കൈ എത്തുന്ന ദൂരത്താണിത്. മാത്രമല്ല, ഷാൾ കഴുത്തിൽ കുരുക്കി മരിച്ചെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. എന്നാൽ, നഫ്‌ലയുടെ കഴുത്തിൽ കയറിന്റെ പാടുണ്ടായിരുന്നു എന്നും സഹോദരൻ ആരോപിച്ചു.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മങ്കര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സഹോദരിയുടെ മരണത്തിന് ഉത്തരവാദികളായവർക്ക് എതിരെ ശക്‌തമായ നടപടിയെടുക്കണമെന്നും നഫ്‌സൽ ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments