‘മരക്കാര്‍’ റിലീസ് 3300 സ്‍ക്രീനുകളിൽ; ആവേശത്തിൽ ആരാധകർ

0
78

പ്രേക്ഷകർ ഏറെ നാളുകളായി കാത്തിരിക്കുന്ന മോഹൻലാൽ- പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യുക 3300 സ്‌ക്രീനുകളില്‍. റിലീസ് ദിവസം തന്നെ 50 കോടിയോളം രൂപയുടെ കളക്ഷന്‍ കിട്ടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

കേരളത്തില്‍ മാത്രം 600 സ്‌ക്രീനുകളിലാണ് മരക്കാര്‍ പ്രദർശനത്തിന് എത്തുന്നതെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ത്യയുടെ മറ്റിടങ്ങളിലായി 1200 സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ഇന്നലെ ഒപ്പുവെച്ച കരാർ പ്രകാരം രാജ്യത്തിന് പുറത്ത് 1500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇത് 1800 ആകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലെ ഭൂരിഭാഗം തിയേറ്ററുകളിലും 6 പ്രദര്‍ശനങ്ങളാണ്. ചിലയിടത്ത് ഏഴും.

മഞ്‌ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, നെടുമുടി വേണു, പ്രണവ് മോഹൻലാൽ, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി വൻ താരനിര ഒന്നിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ചിത്രം ഡിസംബര്‍ 2നാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. നേരത്തെ സിനിമ ഒടിടി പ്ളാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനുളള തീരുമാനം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട് നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് ചിത്രത്തിന്റെ തിയേറ്റർ റിലീസ് പ്രഖ്യാപനം ഉണ്ടായത്.

തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറാമാൻ. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് 100 കോടിയുടെ ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്.